രണ്ടത്താണി ബി.എഫ്.സി സ്വാഗതമാട് സംഘടിപ്പിച്ച ഫുട്‌ബാള്‍ മല്‍സരത്തിൽ നേടിയ ട്രോഫിയുമായി ‘ഫിഫ നെട്ടൂര്‍’ ടീം. ഈ മത്സരത്തിൽ പ​ങ്കെടുക്കാനുള്ള പരിശീലനത്തിനിടെയാണ് ഇവരുടെ ഫുട്‌ബാള്‍ പനങ്ങാട് സ്റ്റേഷനിലെ പൊലീസുകാർ കൊണ്ടുപോയത്

ഫുട്‌ബാള്‍ കൊണ്ടുപോയ പൊലീസി​ന്റെ ‘ഫൗൾ’ ഏറ്റില്ല; കപ്പടിച്ച് ഫിഫ നെട്ടൂര്‍

മരട് (കൊച്ചി): കളിച്ചുകൊണ്ടിരിക്കേ ഫുട്‌ബാള്‍ പൊലീസ് കൊണ്ടുപോയെങ്കിലും കപ്പടിച്ച് വിജയശ്രീലാളിതരായി പനങ്ങാടിന്റെ അഭിമാനതാരങ്ങൾ. കൂടാതെ പുതിയ ഫുട്‌ബാൾ കിട്ടിയതിന്റെ കൂടി സന്തോഷത്തിലാണ് ഇവർ. മലപ്പുറം രണ്ടത്താണിയില്‍ ബി.എഫ്.സി സ്വാഗതമാട് സംഘടിപ്പിച്ച ഫുട്‌ബാള്‍ മത്സരത്തിലാണ് ‘ഫിഫ നെട്ടൂര്‍’ ടീം വിജയിച്ചത്. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനിടെയായിരുന്നു പൊലീസിന്റെ ‘ഫൗൾ കളി’ അരങ്ങേറിയത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഫുട്‌ബാള്‍ കളിക്ക​വേ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന പനങ്ങാട് സ്റ്റേഷനിലെ പൊലീസ് വാഹനത്തില്‍ ഇവരുടെ ഫുട്‌ബാള്‍ ചെന്നുപതിച്ചത്. ഇതോടെ ക്ഷുഭിതരായ സി.ഐ അടക്കമുള്ള പൊലീസ് സംഘം ഫുട്‌ബാള്‍ വാഹനത്തിലെടുത്തിട്ട് പോയി. ഇതോടെ കളിക്കാർ നിരാശയിലായി. സംഭവം ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ഗ്രൗണ്ടിലുള്ളവർ ഇത് വിഡിയോയില്‍ പകര്‍ത്തിയതോടെ സോഷ്യല്‍മീഡിയയിലും വൈറലായി. 10 ലക്ഷത്തിലധികം ആളുകള്‍ വിഡിയോ കണ്ടതോടെ പലകോണില്‍ നിന്നും ഫുട്‌ബാള്‍ നല്‍കാമെന്ന വാഗ്ദാനങ്ങളുടെ നീണ്ട നിര തന്നെ കളിക്കാരെ തേടിയെത്തി.

അതിനി​ടെ, സ്റ്റേഷനില്‍ വന്ന് ഫുട്‌ബാള്‍ എടുത്തുകൊള്ളാന്‍ പൊലീസ് പറഞ്ഞെങ്കിലും ആ ഫുട്‌ബാള്‍ ഇനി തങ്ങള്‍ക്കു വേണ്ടെന്ന് യുവാക്കൾ തീരുമാനിച്ചു. പ്രസ്തുത പന്ത് ഇപ്പോഴും സ്റ്റേഷനില്‍ തന്നെയാണുള്ളത്. ഫുട്‌ബാള്‍ പോയെങ്കിലും പൂർണ ആവേശത്തോടെ ടൂര്‍ണമെന്റില്‍ ‘ഫിഫ നെട്ടൂര്‍’ എന്നപേരില്‍ പങ്കെടുക്കുകയും വിജയം കൈവരിച്ച് ട്രോഫിയുമായി നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.

സംഭവമറിഞ്ഞെത്തിയ യുവജനതാദള്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ജി. ജയേഷിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളുമായി ബന്ധപ്പെടുകയും അവരുടെ ആഗ്രഹപ്രകാരം പുതിയ ഒരു പന്ത് സമ്മാനിച്ച് മടങ്ങുകയും ചെയ്തു.


Tags:    
News Summary - Panangad Police Football Custody Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.