പമ്പ മണൽക്കടത്ത്: അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഹൈകോടതിയിലേക്ക്

തിരുവനന്തപുരം: പമ്പ മണൽക്കടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസിന്‍റെ പല്ല് അടിച്ചുകൊഴിച്ച സർക്കാർ ഏത് കൊള്ളക്കും കുടപിടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വിജലൻസ് അന്വേഷണ ആവശ്യം സംസ്ഥാന സർക്കാർ തള്ളിയ സാഹചര്യത്തിലാണ് ചെന്നിത്തല ഹൈകോടതിയെ സമീപിക്കുന്നത്.

പമ്പ-ത്രിവേണിയിലെ മണ്ണ് നീക്കം ചെയ്യാൻ രണ്ട് വർഷമായി സർക്കാർ ഒന്നും ചെയ്തില്ല. സർവീസിൽ നിന്ന് വിരമിക്കുന്നതിന്‍റെ തലേദിവസമാണ് മുൻ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും നിലക്കലിൽ പോയി സ്വകാര്യ വ്യക്തിക്ക് മണ്ണ് കൊടുക്കാൻ നടപടി സ്വീകരിച്ചത്. ഇത് അഴിമതിയല്ലെങ്കിൽ പിന്നെന്താണെന്നും ചെന്നിത്തല ചോദിച്ചു.

ഈ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടതും വിജിലൻസ് മേധാവിക്ക് കത്ത് നൽകിയതും. അന്വേഷിക്കുന്നില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുക എന്നതാണ് അടുത്ത മാർഗമെന്നും ചെന്നിത്തല പറഞ്ഞു.   

സർക്കാർ വിജിലൻസിനെ വന്ധ്യംകരിച്ചു. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.