തിരുവനന്തപുരം: ഡി.സി.സി മുൻ പ്രസിഡന്റ് പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം അന്വേഷിച്ച അച്ചടക്കസമിതി റിപ്പോർട്ട് സമർപ്പിച്ചു. സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് റിപ്പോർട്ട് കൈമാറിയത്. സംഭാഷണം സദുദ്ദേശപരമായിരുന്നു എന്ന് കമ്മിറ്റി വിലയിരുത്തിയതായാണ് വിവരം.
നല്ല ഉദ്ദേശത്തോടെയാണെങ്കിലും പറയാൻ പാടില്ലാത്ത ചില പരാമർശങ്ങൾ ഉണ്ടായി. പ്രാദേശിക വിഭാഗീയതയാണ് സംഭാഷണം പുറത്താകാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.പി.സി.സിയാണ് തുടർനടപടി സ്വീകരിക്കേണ്ടത്. വിവാദത്തെ തുടർന്ന് പാലോട് രവി ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.
വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ നേതൃത്തിന്റെ നിർദേശപ്രകാരം പാലോട് രവി ഡി.സി.സി അധ്യക്ഷ പദവി രാജിവെച്ചിരുന്നു. തുടർന്ന് ഡി.സി.സിയുടെ താൽകാലിക ചുമതല എൻ. ശക്തന് കെ.പി.സി.സി കൈമാറി. പഞ്ചായത്ത്-നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴുമെന്നും സി.പി.എമ്മിന് തുടർഭരണമുണ്ടാകുമെന്നും അതോടെ കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പ്രദേശിക നേതാവിനോട് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് രാജി.
വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലിനോട് പാലോട് രവി സംസാരിച്ച ഓഡിയോ ക്ലിപ്പാണ് പുറത്തായത്. സംഘടനാവിരുദ്ധ പ്രവർത്തനം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ജലീലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
‘പഞ്ചായത്ത് ഇലക്ഷനിൽ കോൺഗ്രസ് മൂന്നാമത് പോകും. നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴും. നീ നോക്കിക്കോ, 60 അസംബ്ലി മണ്ഡലങ്ങളിൽ ബി.ജെ.പി എന്താണ് ചെയ്യാൻ പോകുന്നതെന്ന്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചത് പോലെ അവർ കാശുകൊടുത്ത് വോട്ട് പിടിക്കും. 40000- 50000 വോട്ട് ഇങ്ങനെ അവർ പിടിക്കും. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴും.
മാർക്സിസ്റ്റ് പാർട്ടി ഭരണം തുടരുകയും ചെയ്യും. അതോടെ ഈ പാർട്ടിയുടെ അധോഗതി ആയിരിക്കും. മുസ്ലിം കമ്മ്യൂണിറ്റിയിലുള്ളവർ വേറെ ചില പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമായി പോകും. കോൺഗ്രസിൽ ഉണ്ടെന്ന് പറയുന്ന ആളുകൾ ബി.ജെ.പിയിലും മറ്റു പാർട്ടികളിലുമായി പോകും. പഞ്ചായത്ത്-അസംബ്ലി തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ് എടുക്കാചരക്കായി മാറും. വാർഡിൽ ഇറങ്ങി നടക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. നാട്ടിലിറങ്ങി ജനങ്ങളുമായി സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുകളുള്ളൂ. പരസ്പരം ബന്ധമില്ല, സ്നേഹമില്ല. എങ്ങനെ കാലുവാരാമോ എന്നതാണ് പലരും നോക്കുന്നത്’’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.