പള്ളിക്കല്‍കാവ് ഭഗവതി ക്ഷേത്രക്കവര്‍ച്ച: പ്രതിയെക്കുറിച്ച് സൂചന

തേഞ്ഞിപ്പലം: കാവുംപടി പള്ളിക്കല്‍കാവ് ഭഗവതി ക്ഷേത്രക്കവര്‍ച്ച കേസിലെ പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ക്ഷേത്രത്തില്‍നിന്ന് ലഭിച്ച വിരലടയാളവും തേഞ്ഞിപ്പലത്തെ മുന്‍ ക്ഷേത്ര ഭണ്ഡാരക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ട സി.സി ടി.വി ദൃശ്യവുമാണ് തേഞ്ഞിപ്പലം പൊലീസിന് പ്രതിയെക്കുറിച്ച് സൂചന നല്‍കിയത്.

ഭണ്ഡാരങ്ങള്‍ പൊളിച്ച് പതിവായി കവര്‍ച്ച നടത്തുന്നയാളാണ് പിന്നിലെന്നാണ് പൊലീസ് നിഗമനം. മോഷണം നടന്ന ക്ഷേത്രത്തില്‍നിന്ന് ലഭിച്ച വിരലടയാളം മലപ്പുറം ഫിങ്ഗര്‍ പ്രിന്‍റ് ബ്യൂറോയില്‍ വിശദമായി പരിശോധിച്ചുവരുകയാണ്. എന്നാല്‍, പള്ളിക്കലിലെ ക്ഷേത്രത്തില്‍നിന്ന് ലഭിച്ച വിരലടയാളത്തിന് സംശയമുള്ള ആളുടെ വിരലടയാളവുമായി സാമ്യമുണ്ടോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. തേഞ്ഞിപ്പലം ചൊവ്വയില്‍ ശിവക്ഷേത്രം, പാണമ്പ്ര വടക്കേത്തൊടി ശ്രീസുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ രണ്ട് മാസം മുമ്പ് ഒരേ ദിവസം മോഷണം നടന്നിരുന്നു.

വടക്കേത്തൊടി ക്ഷേത്രത്തില്‍നിന്ന് ജീവനക്കാര്‍ക്കുള്ള ശമ്പളത്തുകയായ 12,500 രൂപയും ഇരുക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ പണവും കവര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസം പ്രദേശത്തെ കുടുംബക്ഷേത്രമായ കളത്തില്‍ ഭഗവതി ക്ഷേത്രഭണ്ഡാരവും പൊളിച്ച് മോഷണം നടത്തിയിരുന്നു.ഈ കേസുകളിൽ പൊലീസിന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാവ് സജീഷ് എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

ഈ കേസുകളുടെ പശ്ചാത്തലത്തിലാണ് കാവുംപടി പള്ളിക്കല്‍കാവ് ക്ഷേത്രക്കവര്‍ച്ചകേസ് അന്വേഷണവും. ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരം ഭാഗികമായി തകര്‍ത്തെങ്കിലും പണം നഷ്ടപ്പെട്ടില്ല. വാതിലിന്‍റെ പൂട്ട് തകര്‍ത്തുള്ള മോഷണത്തിനിടെ ഇവിടത്തെ സി.സി ടി.വി കാമറകളും തകര്‍ത്തു. സമീപത്തെ എന്‍.എസ്.എസ് ഓഫിസിന് നേരെയും ആക്രമണമുണ്ടായിരുന്നു. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ക്ഷേത്രഭാരവാഹികള്‍ പൊലീസിന് നല്‍കിയ മൊഴി. ക്ഷേത്രത്തില്‍ 11 വര്‍ഷം മുമ്പ് സമാനരീതിയില്‍ മോഷണം നടന്നിരുന്നു.

Tags:    
News Summary - Pallikalkav Bhagavathy temple robbery: Clue about the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.