കൊച്ചി: ദേശീയപാത ഇടപ്പള്ളി-മണ്ണുത്തി ഭാഗത്തെ ഗതാഗതക്കുരുക്ക് നിരീക്ഷിച്ച് പരിഹരിക്കാൻ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതിക്ക് (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) ഹൈകോടതി രൂപംനൽകി. തൃശൂർ ജില്ലയിലെ കലക്ടർ, പൊലീസ് മേധാവി, ആർ.ടി.ഒ എന്നിവരാണ് സമിതി അംഗങ്ങൾ. എത്രയുംവേഗം യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ പദ്ധതി തയാറാക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
എം.പി, എം.എൽ.എ, തദ്ദേശസ്ഥാപന മേധാവികൾ എന്നിവരുടെ അഭിപ്രായങ്ങൾകൂടി കേട്ട് വേണം തീരുമാനമെടുക്കാൻ. അതേസമയം, പാലിയേക്കരയിലെ ടോൾ പിരിവ് മരവിപ്പിച്ച ആഗസ്റ്റ് ആറിലെ ഇടക്കാല ഉത്തരവ് ഹരജി പരിഗണിക്കുന്ന 26 വരെ നീട്ടുകയും ചെയ്തു.
ടോൾ പിരിവ് മരവിപ്പിച്ചതിനെതിരെ ദേശീയപാത അതോറിറ്റി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. വ്യാഴാഴ്ച ഹരജി വീണ്ടും പരിഗണിക്കവെ, ദേശീയപാതയിലെ നിലവിലെ അവസ്ഥ കോടതി ആരാഞ്ഞു. ഗതാഗതപ്രശ്നം തുടരുന്നതും സുപ്രീംകോടതി ഉത്തരവിട്ടതും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം 12 മണിക്കൂറോളം യാത്രക്കാർ കുടുങ്ങിയതടക്കം ഹരജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. സർവിസ് റോഡുകളും ഗതാഗതയോഗ്യമല്ലെന്ന് ഹരജിക്കാർ പറഞ്ഞു.
സർവിസ് റോഡുകൾ അറ്റകുറ്റപ്പണി നടത്താനുള്ള ഉത്തരവാദിത്തം ആർക്കാണെന്ന് കോടതി ചോദിച്ചു. ദേശീയപാത അതോറിറ്റിക്കാണ് ഇതിന്റെയും ചുമതലയെന്ന് കക്ഷികൾ മറുപടി നൽകി. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന് മികച്ച ട്രാഫിക് മാനേജ്മെന്റ് പദ്ധതികളില്ലേയെന്ന ചോദ്യം കോടതി ആവർത്തിച്ചു. സംയുക്തയോഗം ചേർന്നപ്പോൾ പരിഹാര മാർഗങ്ങളൊന്നും ഉണ്ടായില്ലേയെന്നും പകൽസമയത്ത് വലിയ വാഹനങ്ങൾ കടത്തിവിടുന്നത് നിയന്ത്രിച്ചുകൂടെയെന്നും ആരാഞ്ഞു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇടക്കാല നടപടി അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ഇടക്കാല സമിതിക്ക് രൂപംനൽകിയത്.
പകൽസമയത്ത് ലോറികളുടെ പ്രവേശനം നിയന്ത്രിക്കുന്നതും ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടുന്നതുമടക്കം സമിതി പരിശോധിച്ച് തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജിയും തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.