ജി. സുധാകരൻ
ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരന്‍റെ വാർത്താസമ്മേളനം തുടങ്ങി. തന്നെക്കുറിച്ച് നിരവധി വാർത്തകൾ വരുന്നുണ്ട്. എന്നാൽ, താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. മാധ്യമ വാർത്തകൾ പോലെ സി.പി.എം നേതാക്കൾ ഒരു ദൗത്യവുമായും തന്നെ സമീപിച്ചിട്ടില്ല. അത്തരമൊരു സാഹചര്യമില്ല. യു.ഡി.എഫ് സ്ഥാനാർഥി ആകുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'15-ാം വയസിൽ പാർട്ടിമെമ്പർ ആയതാണ്. കോളജ് കാലഘട്ടത്തിലാണ് സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. ആരും നിർബന്ധിച്ചിട്ടല്ല പാർട്ടിയിൽ ചേർന്നത്, അതുപോലെ ആരും നിർബന്ധിച്ചിട്ടല്ല മെമ്പർഷിപ്പ് പുതുക്കാത്തതും. അത് ആരോടും പറഞ്ഞില്ലെങ്കിലും വാർത്തയായി. അതുകൊണ്ടാണ് ഒരു പോസ്റ്റ് ഇട്ടത്. മെമ്പർഷിപ്പ് ഒഴിഞ്ഞു എന്ന് പറഞ്ഞാൽ സംഘടനയിൽ ഇല്ല എന്ന് മാത്രമാണ് അർത്ഥം' -സുധാകരൻ പറഞ്ഞു.
പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താൻ. അതുകൊണ്ട് പാർട്ടിയെ ആക്ഷേപിക്കില്ല. മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛന് വരെ വിളിക്കാം എന്ന അവസ്ഥയിലാണ്. കേരള രാഷ്ട്രീയത്തിൽ എല്ലാവരും അത് സ്വയം വിമർശനമായി പരിശോധിക്കേണ്ട കാര്യമാണ് -അദ്ദേഹം പറഞ്ഞു.
ആലപ്പുഴ പറവൂരിലെ വസതിയിലാണ് വാർത്തസമ്മേളനം നടക്കുന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. പിണറായി നേരിട്ട് ഫോണിൽ വിളിക്കുകയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ വീട്ടിലെത്തി കാണുകയും ചെയ്തു. എന്നിട്ടും വഴങ്ങാതെ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.
ഇതോടെ, സുധാകരനൊപ്പം ആരും പാർട്ടിവിട്ടുപോകാതെ തടയിടാൻ പ്രതിരോധം സി.പി.എം ഏറ്റെടുത്തിട്ടുണ്ട്. ചില പ്രാദേശിക നേതാക്കളോട് സുധാകരൻ സഹായം തേടിയതായുള്ള വിവരം പുറത്തുവന്നതിന് പിന്നാലെയാണിത്. അമ്പലപ്പുഴയിൽ മത്സരിച്ചാൽ യു.ഡി.എഫ് പിന്തുണ അദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട്. മത്സരത്തിനിറങ്ങിയാൽ അഴിമതിക്കാരനല്ലാത്ത സുധാകരന്‍റെ ‘സംശുദ്ധം ജീവിത’ത്തിലെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കുകയെന്നതാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ഇതിനായി അദ്ദേഹം പാർട്ടിയിൽ ശക്തനായ കാലത്തെ ചില വിഷയങ്ങളും വിവാദങ്ങളും പൊടിതട്ടിയെടുത്ത് പ്രധാന ചർച്ചയാക്കാൻ നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.