പാലിയേക്കര ടോൾ പ്ലാസ, കേരള ഹൈകോടതി
കൊച്ചി: പൂർണമായി അറ്റകുറ്റ പണികൾ പൂർത്തിയാക്കാതെ പാലിയേക്കരയിൽ നിന്നും ടോൾ പിരിക്കരുതെന്ന് ഹൈകോടതി. ടോൾ പിരിവ് പുനരാരംഭിക്കണമെന്ന ഹരജി പരിശോധിച്ച ഹൈകോടതിയാണ് വിലക്ക് തുടരുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്.
സെപ്റ്റംബർ 22 മുതൽ ടോൾ പിരിവിന് വ്യവസ്ഥിതികളോടെ അനുമതി നൽകുമെന്നായിരുന്നു ഹൈകോടതി നേരത്തെ അറിയിച്ചത്. അതിനിടയിൽ മുരിങ്ങൂരിൽ സർവീസ് റോഡിൽ മണ്ണിടിഞ്ഞ സംഭവം ജില്ലാ കലക്ടർ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിശോധിച്ച ഹൈകോടതി ടോൾ പിരിവിനുള്ള അനുമതി നിഷേധിച്ചു. തുടർന്ന് വിഷയത്തിൽ ആഴത്തിലുള്ള പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി കലക്ടർക്ക് നിർദേശം നൽകി.
മുരിങ്ങൂരിലെ പ്രശ്നം പൂർണമായി പരിഗണിച്ചിട്ടില്ല. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുപോലെ ഏത് ഭാഗത്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അടിപ്പാത നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ യാത്രക്കാർക്ക് സുരക്ഷാഭീഷണി ഉണ്ടെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി.
നേരത്തെ ഇടക്കാല മാനേജ്‌മന്റ് നിർദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും നിലവിൽ പാലിക്കുന്നുണ്ടെന്നും ഇനിയും പാലിക്കുമെന്നും ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചു. സർവീസ് റോഡുകൾ ഉൾപ്പെടെ പ്രധാന പാതകളിലുള്ള പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കും. അതിനിടയിൽ ടോൾ പിരിവ് അനുവദിക്കണമെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജിയിൽ വാദം പൂർത്തിയാക്കിയ കോടതി കലക്ടറുടെ റിപ്പോർട്ടിന് ദേശീയപാത അതോറിറ്റി മറുപടി നൽകണമെന്നും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.