പാലക്കാട് സ്‌കൂളിലെ സ്ഫോടനം: വീട്ടില്‍ സ്‌ഫോടക വസ്‌തുക്കള്‍ സൂക്ഷിച്ചയാൾ അറസ്റ്റിൽ; ബി.ജെ.പി പ്രവർത്തകനെന്ന് സി.പി.എം

പാലക്കാട്: മൂത്താംതറ വ്യാസവിദ്യാപീഠം സ്കൂളിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കല്ലേക്കാട്ട് വീട്ടിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. സംഭവത്തിൽ കല്ലേക്കാട് പൊടിപ്പാറ സുരേഷ് കുമാറിനെ (40) അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 12 സ്ഫോടക വസ്തുക്കളും 24 ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്.

പൂളക്കാട് സ്വദേശി ഫാസിൽ (25), കല്ലേക്കാട് സ്വദേശി നൗഷാദ് (35) എന്നിവരെ കസ്റ്റഡിയിലെടുത്തതായും പാലക്കാട് നോർത് സി.ഐ വിപിൻ വേണുഗോപാൽ അറിയിച്ചു. സുരേഷ് കുമാർ ബി.ജെ.പി പ്രവർത്തകനാണെന്ന് സി.പി.എം ആരോപിച്ചു.

കഴിഞ്ഞമാസം 20നാണ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള മൂത്താംതറ വ്യാസവിദ്യാപീഠം സ്കൂളിന് സമീപം സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. നോർത് പൊലീസ് അന്വേഷണം നടത്തവെ ഫാസിലിനെയും നൗഷാദിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുരേഷ് കുമാറിനെക്കുറിച്ച് സൂചന ലഭിച്ചത്.

ബുധനാഴ്ച രാവിലെ പൊലീസ് ഇയാളുടെ വീട് പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സുരേഷിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി ശാസ്ത്രീയ പരിശോധനക്ക് അയക്കും. മൂവരേയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലുള്ള മൂന്നുപേരും ആർ.എസ്.എസ് പ്രവർത്തകരാണെന്ന് കോൺഗ്രസും സി.പി.എമ്മും ആരോപിച്ചു.

Tags:    
News Summary - Palakkad school blast: Man arrested for storing explosives at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.