പാലക്കാട്: പോലീസ് ചമഞ്ഞ് സേലത്ത് നിന്നും വ്യാപാരാവശ്യാർത്ഥം കൊണ്ടുവന്ന 55 ലക്ഷം രൂപ ഒലവക്കോട് വെച്ച് കവർച്ച ചെയ്ത സംഭവത്തിൽ മൂന്ന് പേര അറസ്റ്റു ചെയ്തു. താമരശേരി ചാലു മ്പാട്ട് വീട്ടിൽ കുഞ്ചു എന്ന മുഹമ്മദ് ഷാഫി (32), പൂനൂർ പുതിയോട്ടിൽ അസ്കർ(38), കൊയിലാണ്ടി മുത്താമ്പി സ്വദേശി കബീർ (40 )എന്നിവരാണ് പിടിയിലായത്.
ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ ശിവശങ്കരന്റെ നേതൃത്വത്തിൽ താമരശേരി അടിവാരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. 25ാം തിയ്യതി പുലർച്ചെ സേലത്ത് നിന്നും പണവുമായെത്തി ഒലവക്കോട് ടൈയ്നിറങ്ങി ബസ് മാർഗം മേലാറ്റൂർ പോകുവാൻ ഒലവക്കോട് ബസ് സ്റ്റോപ്പിൽ നിൽക്കേ ഇരുകാറുകളിലായെത്തിയ എട്ടംഗ സംഘം പോലീസാണെന്നു പറഞ്ഞു മേലാറ്റൂർ സ്വദേശികളായ ജലീലിനെയും ഉണ്ണി മുഹമ്മദിനെയും ബലമായി കാറിൽ കയറ്റി പണം കവർച്ച നടത്തുകയായിരുന്നു.തുടർന്ന് ഇവരെ ആലത്തൂർ, കാവശ്ശേരിക്കടുത്ത് ഇറക്കിവിടുകയായിരുന്നു.
ജലീലിന്റെ പരാതിയിൽ നോർത്ത് പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിയതിൽ പരാതിക്കാരൻ ജലീൽ ഉൾപ്പെടെ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ളവർ കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. പ്രതികൾ മൈസൂരിലേക്ക് കടക്കാനിരിക്കെയാണ് ചുരത്തിൽ വെച്ച് വലയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇനി രണ്ട് പേർ കൂടി പിടിയിലാകുവാനുണ്ട്. അസ്കറും കബീറും കൊയിലാണ്ടി, താമരശേരി,വയനാട് എന്നിവിടങ്ങളിൽ കവർച്ചാ കേസ്സുകളിൽ പ്രതിയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.