പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ, നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. പാലക്കാട് ടൗണിൽ പ്രതി ചെന്താമരയുടെ രൂപ സാദ്യശ്യമുള്ളയാളെ കണ്ടെന്ന് പ്രചാരണമുണ്ടായി. ഇതനുസരിച്ച് ടൗണിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ, ചെന്താമരയുടെ വീട്ടിൽ നിന്നും വിഷക്കുപ്പി കണ്ടെത്തിയ സാഹചര്യത്തിൽ വിഷം കഴിച്ച ചെന്താമര ശരീരത്തിൽ കല്ലുകെട്ടി പുഴയിൽ ചാടാൻ സാധ്യതയുണ്ടെന്നും പറയുന്നവർ ഏറെ.
നേരത്തെ കൊലപാതകം നടത്തിയപ്പോൾ ഒളിവിൽ കഴിഞ്ഞ കാടുകളിൽ പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുകയാണിപ്പോൾ. കഴിഞ്ഞ ദിവസം ഇയാൾ ഭക്ഷ്യവസ്തുക്കൾ വാങ്ങിയെന്നും ഇത് കാട്ടിനുള്ളിൽ സൂക്ഷിക്കാനുള്ള സാധ്യതയുണ്ടെന്നും പറയുന്നു. സമീപത്തെ കാടുകൾ ചെന്താമരക്ക് നല്ല പരിചയമാണ്. ആരോടും അധികം സംസാരിക്കാത്ത പ്രതിയുടെ നീക്കങ്ങൾ ഊഹിക്കാൻ മാത്രമേ നാട്ടുകാർക്ക് കഴിയുന്നുള്ളൂ. 125 പൊലീസുകാരാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. ഒപ്പം നിരവധി നാട്ടുകാരുമുണ്ട്.
ഇതിനിടെ, കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. സുധാകരന്റെ ശരീരത്തിൽ എട്ട് വെട്ടുകളാണുള്ളത്. കൈയിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റിരിക്കുകയാണ്. കഴുത്തിൻ്റെ പിറകിലെ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ മാതാവ് ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് ആഴത്തിലുള്ള മുറിവുകളാണ്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ. ഇതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം.
തിങ്കളാഴ്ച രാവിലെ 9.30നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻ നഗറിൽ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും (76) മകൻ സുധാകരനെയും (58) ചെന്താമര കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് അയൽപക്കത്ത് മറ്റാരുമുണ്ടായിരുന്നില്ല. അതുവഴി വന്ന നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്നവരെ കണ്ടത്. ലക്ഷ്മിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധാകരൻ തൽക്ഷണം മരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് ചെന്താമര വീടിനകത്ത് കയറി വെട്ടാനുപയോഗിച്ച വാൾ മുറിക്കകത്തുവെച്ച് മുൻവശത്തെ വാതിലടച്ചശേഷം പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു.
ജാമ്യ വ്യവസ്ഥ ലംഘിച്ച് സ്വന്തം വീട്ടിലെത്തിയ പ്രതി അയൽവാസികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് സുധാകരനും മകളും പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാരോപിച്ച് നാട്ടുകാർ പൊലീസിനെ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിയെ പിടികൂടാൻ നാലു സംഘങ്ങളായി പൊലീസിനെ നിയോഗിച്ചതായും ഉടൻ പിടികൂടുമെന്നും ബന്ധുക്കൾക്കും നാട്ടുകാർക്കും ജില്ല പൊലീസ് സൂപ്രണ്ട് അജിത് കുമാർ ഉറപ്പുനൽകിയതോടെയാണ് സംഘർഷം അയഞ്ഞത്. ഇതിനിടെ നാട്ടുകാരായ ചില സ്ത്രീകൾ പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് വീണ്ടും ബഹളംവെച്ചു. ബാബു എം.എൽ.എ, ആലത്തൂർ ഡിവൈ.എസ്.പി എൻ. മുരളീധരൻ, നെന്മാറ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ എന്നിവർ ഇവരെ അനുനയിപ്പിച്ചു. പിന്നീട് ഇൻക്വസ്റ്റ് തയാറാക്കി വൈകീട്ട് നാലരയോടെ സുധാകരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പൊലീസ് നായ് ‘ഡാർലി’ ചെന്താമരയുടെ വീട്ടിലെത്തി കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിന്റെ മണംപിടിച്ച് പാടം കടന്ന് അരക്കിലോമീറ്റർ അകലെയുള്ള ചെന്താമരയുടെ തറവാട് വീട്ടിലെത്തി നിന്നു. പരിസരപ്രദേശങ്ങളും കുന്നിൻപ്രദേശങ്ങളും റബർതോട്ടങ്ങളും ആയതിനാൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.