Representational Image

മഞ്ചേരി സ്വദേശിയിൽ നിന്ന് കവർന്ന ഒന്നാം സമ്മാന ടിക്കറ്റുമായി പാലക്കാട് സ്വദേശി ലോട്ടറി ഡയറക്ടറുടെ ഓഫിസി​ൽ

മഞ്ചേരി: മഞ്ചേരിയിൽ നിന്ന് കവർച്ച ചെയ്ത ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് തിരുവനന്തപുരം ലോട്ടറി ഡയറക്ടറുടെ ഓഫിസിലെത്തി. നിർമൽ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റുമായി പാലക്കാട് സ്വദേശിയാണ് ഓഫിസിലെത്തിയത്. ടിക്കറ്റ് സമർപ്പിക്കേണ്ട അവസാന ദിവസമായ തിങ്കളാഴ്ചയാണ് സമ്മാനത്തുകക്കായി ടിക്കറ്റ് സമർപ്പിച്ചത്. പൊലീസ് ഇയാളുടെ മൊഴിയെടുത്തു.

കവർച്ച ചെയ്ത ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പൊലീസ് നേരത്തെ ലോട്ടറി ഓഫിസിൽ നൽകിയിരുന്നു. ഇയാൾ ലോട്ടറിയുമായി എത്തിയതോടെ പൊലീസിന് വിവരം കൈമാറുകയായിരുന്നു.

പണത്തിന് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ച ആളിൽ നിന്ന്​ വില കൊടുത്ത് ടിക്കറ്റ് വാങ്ങിയതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഒരു സംഘം വന്ന് ബന്ധുവിന് ഒന്നാം സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റാണെന്നും വേഗത്തിൽ പണം നൽകുകയാണെങ്കിൽ ടിക്കറ്റ് നൽകാമെന്ന്​ അറിയിച്ചെന്നുമാണ്​ ഇയാൾ പറഞ്ഞത്​. ബാങ്കിൽ ടിക്കറ്റ് ഹാജരാക്കിയാൽ പണം ലഭിക്കാൻ ആറ്​ മാസമെടുക്കുന്നതിനാലാണ് പണത്തിന്റെ അത്യാവശ്യത്തിന്​ ടിക്കറ്റ് വിൽക്കുന്നതെന്നും പറഞ്ഞത്രെ. 15 ലക്ഷം രൂപ നൽകിയാണ് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയതെന്നും വിവരമുണ്ട്.

ടിക്കറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ടിക്കറ്റ് കവർന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതികളും ടിക്കറ്റ് വാങ്ങിയ ആളും തമ്മിൽ ബന്ധമുണ്ടോയെന്ന്​ അന്വേഷിക്കുന്നുണ്ട്. കവർച്ചസംഭവത്തിൽ എട്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയിൽ നിന്നാണ് കഴിഞ്ഞ 15ന്​ ടിക്കറ്റ് കവർന്നത്. നികുതി കിഴിച്ച് സർക്കാർ നൽകുന്നതിനേക്കാൾ പണം നൽകാമെന്ന വ്യാജേന സമീപിച്ച സംഘം ടിക്കറ്റുമായി എത്തിയ രണ്ട് പേരെ മർദിച്ച് കാറിലും ബൈക്കിലുമായി രക്ഷപ്പെടുകയായിരുന്നു.  

Tags:    
News Summary - Palakkad native claims lottery first prize with ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.