പാലക്കാട്: ഇടതു, വലതു മുന്നണികളിലും എൻ.ഡി.എയിലും സ്ഥാനാർഥി നിർണയത്തിനായുള്ള അനൗപചാരിക ചർച്ചകൾ മുറുകി. വി.എസ്. അച്യുതാനന്ദെൻറ അഭാവത്തിൽ മലമ്പുഴയിൽ ഇത്തവണ മുൻ എം.പി എൻ.എൻ. കൃഷ്ണദാസ് മത്സരിച്ചേക്കും. മലമ്പുഴയിൽ മത്സരിക്കണമെന്ന് താൽപര്യപ്പെടുന്നുണ്ടെങ്കിലും എം.ബി. രാജേഷിന് ആ സീറ്റ് നൽകാനിടയില്ല. തൃത്താലയിൽ അദ്ദേഹം മത്സരിക്കുമോയെന്നും വ്യക്തമല്ല.
പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, ജില്ലകമ്മിറ്റിയംഗം ഗോകുൽദാസ് എന്നിവർ മലമ്പുഴയിലെ പരിഗണന പട്ടികയിലില്ല. സുഭാഷ് ചന്ദ്രബോസിന് മലമ്പുഴ മണ്ഡലത്തിേൻറയും ഗോകുൽദാസിന് കോങ്ങാട് മണ്ഡലത്തിേൻറയും ചുമതല നൽകിയിട്ടുണ്ട്. കേരള ബാങ്ക് ഡയറക്ടർ ബോർഡംഗമായ, സി.െഎ.ടി.യു നേതാവ് എ. പ്രഭാകരനും മലമ്പുഴയിൽ പരിഗണിക്കപ്പെടാൻ സാധ്യതയില്ല. സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഇത്തവണ ഗോദയിലിറങ്ങിയേക്കും. ഷൊർണ്ണൂരിലോ, മലമ്പുഴയിലോ അദ്ദേഹം മത്സരിച്ചേക്കും. പി.കെ. ശശി അടുത്ത സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിലേക്ക് വരാൻ സാധ്യതയുള്ളതിനാൽ ഒഴിവായേക്കാം.
സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ജില്ലയിൽ സുരക്ഷിത മണ്ഡലം തേടുന്നുണ്ട്. നെന്മാറയിൽ കെ. ബാബുവും ആലത്തൂരിൽ കെ.ഡി. പ്രസേന്നനും തന്നെയായിരിക്കും സി.പി.എം സ്ഥാനാർഥികൾ. നാലു തവണ എം.എൽ.എയായ എ.കെ. ബാലനെ വീണ്ടും മത്സരിപ്പിക്കാൻ സാധ്യത കുറവാണ്. തരൂരിലും കോങ്ങാടും അഡ്വ. കെ. ശാന്തകുമാരി, മുൻ എം.പി എസ്. അജയകുമാർ എന്നിവർ പരിഗണനയിലുണ്ട്.
സി.പി.െഎയിൽ ഒരുവിഭാഗത്തിന് അതൃപ്തി ഉണ്ടെങ്കിലും മുഹമ്മദ് മുഹ്സിൻ പട്ടാമ്പിയിൽ തന്നെ മത്സരിക്കും. അദ്ദേഹത്തെ മണ്ണാർക്കാേട്ടക്ക് മാറ്റി പരീക്ഷിക്കണമെന്ന വാദം പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. മുഹ്സിനെ മാറ്റിയാൽ മണ്ഡലം നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അങ്ങനെയൊരു തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊള്ളാനിടയില്ല. മണ്ണാർക്കാട്ട് ആര് സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ സി.പി.െഎ ധാരണയിലെത്തിയിട്ടില്ല. പാലക്കാട് ബിഷപ്പ് കത്ത് നൽകിയത് വിവാദമായേതാടെ, പ്രവാസി വ്യവസായിയായ െഎസക് വർഗീസിനുള്ള സാധ്യത അടഞ്ഞു.
മുൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബിയിലേക്ക് തന്നെ സി.പി.െഎ എത്തുമോയെന്ന് വ്യക്തമല്ല. ബിഷപ്പ് ഇടപെട്ട് നടത്തിയ നീക്കം യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും എൻ. ഷംസുദ്ദീൻ തന്നെയായിരിക്കും മണ്ണാർക്കാട് ലീഗ് സ്ഥാനാർഥി. ഷംസുദ്ദീൻ മാറിയാൽ മണ്ഡലം നഷ്ടമാവാനുള്ള സാധ്യത കൂടി കണ്ടാണ് ഇൗ തീരുമാനം.
കോൺഗ്രസിെൻറ സിറ്റിങ് സീറ്റുകളിൽ സ്ഥാനാർഥിയാരെന്നത് സംബന്ധിച്ച് തർക്കമില്ല. പാലക്കാട് ഷാഫി പറമ്പിലും തൃത്താലയിൽ വി.ടി. ബൽറാമും മൂന്നാംതവണയും അങ്കത്തിനിറങ്ങും. പട്ടാമ്പിക്ക് വേണ്ടി ചരടുവലികൾ ശക്തമാണ്. മുൻ എം.എൽ.എ സി.പി. മുഹമ്മദ്, മുൻ നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ, മഹിള കോൺഗ്രസ് നേതാവ് സി. സംഗീത എന്നിവരോടൊപ്പം യൂത്ത് കോൺഗ്രസും പട്ടാമ്പി സീറ്റിന് അവകാശമുന്നയിക്കുന്നുണ്ട്.
ഇറക്കുമതി സ്ഥാനാർഥികൾ വേെണ്ടന്നും യുവരക്തങ്ങൾക്ക് പ്രാതിനിധ്യം നൽകണമെന്നുമാണ് ജില്ല യൂത്ത് കോൺഗ്രസ് ആവശ്യം. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ഫിറോസ് ബാബുവിനെ ഷൊർണ്ണൂരിലേക്കും ഡോ. സരിനെ ഒറ്റപ്പാലത്തേക്കും പരിഗണിക്കുന്നുണ്ട്. കോങ്ങാട് സംവരണ സീറ്റിൽ പ്രഫ. കെ.എ. തുളസി മത്സരിച്ചേക്കും.
ചിറ്റൂരിൽ, സുമേഷ് അച്യുതനാണ് സാധ്യതയെങ്കിലും എതിർപ്പുകളുണ്ട്. ജില്ലയിൽ രണ്ടാമതൊരു സീറ്റ് എന്ന ആവശ്യത്തിൽനിന്നും മുസ്ലിംലീഗ് പിറകോട്ടുപോയിട്ടുണ്ട്. 2011ൽ എം.വി. രാഘവൻ മത്സരിച്ച നെന്മാറയിൽ സി.എം.പി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് വഴങ്ങിയിട്ടില്ല. മലമ്പുഴയിൽ, സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാർ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി.
കഴിഞ്ഞ തവണയും കൃഷ്ണകുമാറായിരുന്നു മലമ്പുഴയിൽ സ്ഥാനാർഥി. ബി.ജെ.പി വക്താവ് സന്ദീപ് വാര്യരെ പാലക്കാട് പരിഗണിക്കുന്നുണ്ടെങ്കിലും താഴെത്തട്ടിൽ സ്വീകരിക്കപ്പെടുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. എതിർപ്പ് ഉയർന്നാൽ സംസ്ഥാന നേതാക്കളിൽ മറ്റാരെങ്കിലും പാലക്കാട് പരിഗണിക്കപ്പെടാം. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്ക്വെച്ച് ഷൊർണ്ണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിൽകൂടി ഇക്കുറി നില മെച്ചപ്പെടുത്താമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.