ലുലു മാളിലെ പാക് പതാക: ഏഷ്യാനെറ്റ് കന്നഡ പതിപ്പിന്റെ വ്യാജവാർത്തക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുത്ത്

കൊച്ചി: ലുലു മാളിൽ ഇന്ത്യൻ പതാകയേക്കാൾ വലുപ്പത്തിലുള്ള പാകിസ്താൻ പതാക കെട്ടിയെന്ന ഏഷ്യാനെറ്റ് കന്നട പതിപ്പിന്റെ വ്യാജവാർത്തക്ക് മലയാളം ഏഷ്യാനെറ്റിന്റെ തിരുത്ത്. ഏഷ്യാനെറ്റ് കന്നഡ പതിപ്പായ സുവർണ ന്യൂസിന്റെ വ്യാജ വാർത്ത പുറത്തുവന്നതോടെ ലുലു മാളിന്റെ ഔദ്യോഗിക വിശദീകരണം ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെക്കുകയായിരുന്നു. ലുലു മാളിലെ പതാക സംബന്ധിച്ച് കന്നഡ ഏഷ്യാനെറ്റിന്റെയും മലയാളത്തിലുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെയും വാർത്തകളുടെ സ്‌ക്രീൻ ഷോട്ടുകൾ ഫാക്ട് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ സമൂഹ മാധ്യമമായ എക്‌സിൽ തുറന്നുകാട്ടി.

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനോടനുബന്ധിച്ച് ടൂർണമെൻറിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കൊടികൾ മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരേ വലുപ്പമുള്ള പതാകകൾ വിവിധ ആംഗിളിൽനിന്ന് ഫോട്ടോയെടുത്തപ്പോൾ തോന്നുന്ന വ്യത്യാസം വ്യാജ വാർത്ത പ്രചരിപ്പിക്കാൻ പ്രതീഷ് വിശ്വനാഥനടക്കമുള്ള ഹിന്ദുത്വവാദികൾ ദുരുപയോഗിക്കുകയായിരുന്നു.

'ഒരു പഞ്ചർവാലയാകട്ടെ, ശതകോടീശ്വരനാകട്ടെ അവരുടെ മധ്യകാലഘട്ട വിശ്വസമാണ് പ്രധാനം... എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ലുലു മാളിൽ നിന്നുള്ളതാണ് ഈ ഫോട്ടോ... അവർ ഇന്ത്യൻ പതാകയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്' എന്ന കുറിപ്പോടെയാണ് പ്രതീഷ് വിശ്വനാഥൻ ഈ വ്യാജ വാർത്ത എക്‌സിൽ പങ്കുവെച്ചത്.

പ്രതീഷിനെയും മാധ്യമപ്രവർത്തകനായ പ്രതീപ് ഭന്ധാരിയെയും ടാഗ് ചെയ്താണ് വ്യാജ വാർത്ത മുഹമ്മദ് സുബൈർ തുറന്നുകാട്ടിയത്. ലുലു മാൾ മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ളതിനാലും കേരളത്തിലായതിനാലുമാണ് വ്യാജ വിവരം പലരും പ്രചരിപ്പിക്കുന്നതെന്നും സുബൈർ മറ്റൊരു ട്വീറ്റിൽ കുറ്റപ്പെടുത്തി. കേരളത്തിലെ തെരഞ്ഞെടുപ്പിൽ സീറ്റ് നേടൽ അവർക്ക് ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മലയാളികളെ ദേശവിരുദ്ധരായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണ് അവർ ആഖ്യാനം സൃഷ്ടിക്കുന്നതെന്നും സുബൈർ എക്‌സിൽ കുറിച്ചു.

Tags:    
News Summary - Pak flag at Lulu Mall: Asianet News' correction to fake news by Asianet Kannada edition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.