തിരുവനന്തപുരം: കുറ്റം ചെയ്യാതെ ജയിലിൽ കിടക്കാൻ അതിയായ മോഹമുള്ളവർക്ക് അവസരമൊരുങ്ങുന്നു. ജയിൽ വകുപ്പാണ് സംസ്ഥാനത്ത് ജയിൽ ടൂറിസത്തിന് വഴിയൊരുക്കുന്നത്. പണമടച്ചാൽ യൂനിഫോമിൽ ജയിൽ ഭക്ഷണവും കഴിച്ച് ആർക്കും ഒരുദിവസം ജയിലിൽ തങ്ങാവുന്ന പദ്ധതിക്കാണ് രൂപം നൽകിയത്. ശിപാർശ സർക്കാറിന് കൈമാറി. തൃശൂരിലെ വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ ഒരുങ്ങുന്ന ജയിൽ മ്യൂസിയത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് ജയിൽവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
ജയിൽ വളപ്പിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ബ്ലോക്ക് ഒരുക്കും. ഓൺലൈൻ വഴി ബുക്ക് ചെയ്ത് ഫീസടച്ചാൽ 24 മണിക്കൂർ ജയിലിൽ കഴിയാം. ജയിൽ അനുഭവം സാധാരണക്കാർക്ക് മനസ്സിലാക്കാനുള്ള അവസരമൊരുക്കുകയാണ് പദ്ധതി ലക്ഷ്യം. എന്നാൽ, സ്ഥിരം അന്തേവാസികളുമായി ഇടപഴകാനാകില്ല. ജയിൽ മ്യൂസിയത്തിനും ഈ പദ്ധതിക്കും സർക്കാർ ഈ വർഷം ആറുകോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജയിൽ മ്യൂസിയത്തിെൻറ രൂപരേഖയും തയാറാക്കി.
തൂക്കുമരം, ഏകാംഗ സെൽ, ബ്രിട്ടീഷ് ഭരണകാലത്തെയും രാജഭരണകാലത്തെയും കൈവിലങ്ങുകൾ, ജയിൽ ഉദ്യോഗസ്ഥരുടെ പഴയ വേഷം, തൂക്കിലേറ്റാൻ പുറപ്പെടുവിക്കുന്ന ‘ബ്ലാക്ക് വാറൻറ്’ ഉത്തരവ്, പഴയ രേഖകൾ, ചിത്രങ്ങൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
തടവുകാരുടെ ഉൽപന്നം വിറ്റഴിക്കാൻ സ്റ്റാളും സജ്ജമാക്കും. സർക്കാറിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചാൽ ഒരു വർഷത്തിനകം പദ്ധതി പൂവണിയുമെന്നാണ് പ്രതീക്ഷ. തെലുങ്കാന ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ 500 രൂപ നൽകിയാൽ ഒരുദിവസം ജയിലിൽ കിടക്കാവുന്ന പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.