കോഴിക്കോട്: നിപ റിപ്പോർട്ട് ചെയ്ത ഫറോക്ക് രാമനാട്ടുകരയിൽ നിപ കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവരെ ഫോണിൽ വിളിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കോഴിക്കോട് നിപ കൺട്രോൾ റൂമിന് മുന്നിൽ മുൻ മന്ത്രിയും ബേപ്പൂർ എം.എൽ.എയുമായ പി.എ മുഹമ്മദ് റിയാസിന്റെ പ്രതിഷേധം.
കോഴിക്കോട് കലക്ട്രേറ്റിലെ നിപ കൺട്രോൾ റൂമിന് മുന്നിലാണ് റിയാസ് കുത്തിയിരുന്നു പ്രതിഷേധിക്കുന്നത്. കൺട്രോൾ റൂമിലിരുന്ന് തന്റെ മണ്ഡലത്തിലെ നിപ കണ്ടെയ്ൻമെന്റ് സോണിലെ ആളുകളെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാൻ അനുവദിക്കുന്നില്ലെന്നാണ് റിയാസിന്റെ ആരോപണം. കൺട്രോൾ റൂമിലിരുന്ന് ആളുകളെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും ഇന്നും റിയാസ് കലക്ട്രേറ്റിൽ എത്തിയിരുന്നു. എന്നാൽ ഇതിന് അനുവാദം കിട്ടിയിരുന്നില്ല. അങ്ങനെ അനുവദിക്കേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് കലക്ടർ പറഞ്ഞതായി റിയാസ് ആരോപിച്ചു.
ജനപ്രതിനിധിയെ വിളിക്കാൻ അനുവദിക്കാത്തത് രാഷ്ട്രീയമാണ്, നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തലാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ രണ്ടുതവണയും കൺട്രോൾ റൂമിലിരുന്ന് ജനപ്രതിനിധികൾ കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവരെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ ഇന്നലെയും ഇന്നും കൺട്രോൾ റൂമിൽ എത്തിയിട്ടും ആളുകളെ വിളിക്കാനോ, അവർ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നത് കാണാനോ അനുവദിക്കുന്നില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളെ ഇന്നലെ കൺട്രോൾ റൂമിൽ കയറി കാര്യങ്ങൾ മനസ്സിലാക്കി. ആളുകളെ വിളിക്കാൻ അനുവദിച്ചില്ല. അങ്ങനെ ചെയ്യേണ്ടെന്ന് ആരോഗ്യവകുപ്പിൽ നിന്നും നിർദേശമുണ്ടെന്നാണ് കലക്ടർ പറയുന്നത്. എന്തിനാണ് വിവരങ്ങൾ മറച്ചുവെക്കുന്നത്' റിയാസ് ചോദിച്ചു.
ഇതോടെ നിപ പ്രതിരോധത്തിന്റെ ചുവടുപിടിച്ച് പുതിയ രാഷ്ട്രീയ വിവാദത്തിന് വേദിയായിരിക്കുകയാണ് കോഴിക്കോട്. മുൻ വർഷങ്ങളിൽ അനുവദിച്ചത് ഇത്തവണയും അനുവദിക്കണമെന്നാണ് റിയാസിന്റെ ആവശ്യം. എന്നാൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചിട്ടില്ലെന്നും സമ്പർക്ക പട്ടികയിലുള്ളവരെ ദിവസവും രണ്ടു തവണ ആരോഗ്യ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർ വിളിക്കുന്നുണ്ടെന്നായിരുന്നു ഇന്നലെ റിയാസിന് ലഭിച്ച മറുപടി.ആരോഗ്യവകുപ്പിന്റെ കായകൽപ്പത്തിന്റെ ഉദ്ഘാടനത്തിന് റിയാസ് വരാത്തതുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വിവാദം നിലനിൽക്കുന്നുണ്ടായിരുന്നു. ബേപ്പൂർ എം.എൽ.എയെ വിളിച്ചിട്ടും പരിപാടിക്ക് വന്നില്ലെന്ന് മന്ത്രി തന്നെ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.