ട്രാവൻകൂർ സിമന്റ്സിന്റെ 2.79 ഏക്കർ ഭൂമി വിൽക്കുന്നതിന് ആഗോള ടെണ്ടർ ക്ഷണിച്ചെന്ന് മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ നാട്ടകം ട്രാവൽ സിമന്റസിന്റെ ഉടമസ്ഥതയിൽ കാക്കനാടുള്ള സ്ഥലം വിൽക്കുന്നതിന് ആഗോള ടെണ്ടർ ക്ഷണിച്ചുവെന്ന് മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു. 2.79 ഏക്കർ സ്ഥലം വിൽക്കുന്നതിനുള്ള ടെണ്ടറാണ് ക്ഷണിച്ചതെന്നും അദ്ദേഹം കെ.ക. രമക്ക് മറുപടി നൽകി.

ട്രാവൻകൂർ സിമൻറ്സ് കമ്പനി ക്ലിങ്കർ വാങ്ങിയ ഇനത്തിലും, വിരമിച്ച ജീവനക്കാരുടെ നിയമപരമായ ബാധ്യതകളായ ഗ്രാറ്റുവിറ്റി, പി.എഫ് മുതലായവയിലുള്ള കുടിശികകളും മറ്റിനങ്ങളിലുള്ള കടങ്ങളും കൊടുത്തു തീർത്ത് നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യണം. കമ്പനിയുടെ മുന്നോട്ടുള്ള സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനാണ് ലാഭത്തിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് മുമ്പ് കമ്പനി സ്വന്തമായി വാങ്ങിയ 2.79 ഏക്കർ സ്ഥലം വിൽക്കുന്നതിന് അനുമതി നൽകിയത്.

ഈ സ്ഥലം കിൻഫ്രക്ക് കൈമാറുന്നതിനാണ് സർക്കാർ ആദ്യം അനുമതി നൽകിയത്. എന്നാൽ ഈ ഭൂമി വ്യാവസായിക ആവശ്യത്തിന് ഉപയോഗപ്പെടുത്താൻ കഴിയില്ലെന്ന് കണ്ട് സ്ഥലം വാങ്ങുന്ന നടപടികളിൽ നിന്നും കിൻഫ്ര പിൻമാറി. ട്രാവൻകൂർ സിമന്റ്സിന്റെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് പുതുപ്പള്ളി മുൻ എം.എൽ.എ, കോട്ടയം എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരും ട്രേഡ് യൂനിയൻ നേതാക്കളും പങ്കെടുത്ത ഉന്നതതല യോഗം ചേർന്നു.

കാക്കനാടുള്ള 2.79 ഏക്കർ സ്ഥലത്തിന്റെ വില ഫെയർ വാല്യൂ അനുസരിച്ച് മുൻകാലത്തേക്കാൾ വളരെ കൂടിയിട്ടുള്ളതായി യോഗം വിലയിരുത്തി. ഓപൺ ടെൻഡർ വഴി വില്പനക്ക് വെച്ചാൽ കൂടുതൽ തുക ലഭ്യമാകും എന്ന പൊതു അഭിപ്രായം ഉയർന്നു. കിൻഫ്ര സ്ഥലം ഉപയോഗപ്പെടുത്താൻ തയാറല്ലെങ്കിൽ ഈ സ്ഥലം വിൽക്കാനുള്ള പ്രൊപ്പോസൽ സർക്കാരിൽ സമർപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. 

അതിന്റെ അടിസ്ഥാനത്തിൽ കമ്പനി സമർപ്പിച്ച പ്രൊപ്പോസൽ പരിഗണിച്ചു. കമ്പനിയുടെ നിലവിലെ സാമ്പത്തിക ബാധ്യതകൾ കൊടുത്ത് തീർത്ത് സ്ഥാപനത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് സുതാര്യമായ ടെണ്ടർ നടപടികളിലൂടെ പൊതുലേലത്തിൽ സ്ഥലം വിൽക്കുന്നതിന് അനുമതി നൽകിയത്.

കമ്പനിയുടെ മുന്നോട്ടുള്ള സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനും മറ്റ് പരിഹാര മാർഗങ്ങൾ ഇല്ലാത്തതിനാലാണ് കമ്പനിയുടെ ഭൂമി 2.79 ഏക്കർ പൊതു ലേലത്തിലൂടെ വിൽക്കുന്നതിന് അനുമതി നൽകിയതെന്നും പി.രാജീവ് രേഖാലമൂലം നിയമസഭയെ അറിയിച്ചു. 

Tags:    
News Summary - P. Rajiv said that a global tender has been invited for the distribution of 2.79 acres of land of Travancore Cements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.