പി. മുജീബുറഹ്മാൻ

'മുഖ്യമന്ത്രി മുസ്‍ലിം ഭീതി പരത്തി സംഘപരിവാറിന് മരുന്നിട്ട് കൊടുക്കരുത്​': പി.മുജീബ് റഹ്മാൻ

കോഴിക്കോട്​: മുഖ്യമന്ത്രി മുസ്‍ലിം ഭീതി പരത്തി സംഘപരിവാറിന് മരുന്നിട്ട് കൊടുക്കരുതെന്ന് ജമാഅത്തെ ഇസ്‍ലാമി. മുഖ്യമന്ത്രി പദവിയുടെ മഹത്വം കളഞ്ഞുകുളിച്ച് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമാക്കി കേരളത്തിൽ വർഗീയവത്കരിക്കാൻ പിണറായി വിജയൻ നടത്തുന്ന ശ്രമം മാപ്പർഹിക്കാത്തതാണെന്ന് ജമാഅത്തെ ഇസ്‍ലാമി അസിസ്റ്റന്‍റ് അമീർ പി.മുജീബുറഹ്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. കേരളത്തെ വർഗീയമായി ധ്രുവീകരിച്ചിട്ടായാലും അധികാര തുടർച്ച ഉണ്ടാകണമെന്ന് വാശി കേരളത്തോടുള്ള വെല്ലുവിളിയാണ്. ജമാഅത്തെ ഇസ്‍ലാമിയെ പൈശാചികവൽക്കരിച്ച് കേരളത്തിലെ സാമൂഹ്യന്തരീക്ഷത്തെ തകർക്കാനുള്ള ഗൂഢനീക്കം അധികാരക്കൊതി മാത്രമാണ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് നടത്തുന്ന ഏകപക്ഷീയമായ തെറിവിളി വിളിക്ക് പകരം ജമാഅത്തുമായി ജനകീയ സംവാദത്തിന് തയ്യാറാകണമെന്നും മുജീബുറഹ്മാൻ ആവശ്യപ്പെട്ടു.

ഫേസ്​ബുക്ക്​ പോസ്റ്റി​െൻറ പൂർണ്ണരൂപം

മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയസദാചാരവും മാന്യതയും കാണിക്കണം

കുറച്ചുകാലമായി രാഷ്ട്രീയ ദുഷ്ടലാക്കോടെ ശ്രീ പിണറായി വിജയൻ ജമാഅത്തെ ഇസ്‌ലാമിയെ തെറിവിളിക്കുന്നു. പിണറായിയുടെ വിമർശനത്തിൽ ജമാഅത്തെ ഇസ്‌ലാമിക്ക് അസ്വസ്ഥതയുണ്ടായിട്ടല്ല; ഉണ്ടാകേണ്ടതുമില്ല. കാരണം, ഒരു നവോത്ഥാന പ്രസ്ഥാനമെന്ന നിലയിൽ മതരാഷ്ട്രീയ രംഗത്തെ വിമർശനങ്ങളും തെറിവിളികളും നിരന്തരം നേരിട്ടുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വളർന്നുവന്നത്. വിമർശനങ്ങൾ പ്രസ്ഥാനത്തെ തളർത്തുകയല്ല മറിച്ച്, വളർത്തുകയാണ് ചെയ്തിട്ടുള്ളത്. ആ അർഥത്തിൽ ഈ കൊച്ചു പ്രസ്ഥാനത്തിൻ്റെ വളർച്ച ഇപ്പോൾ മുഖ്യമന്ത്രിതന്നെ ഏറ്റെടുത്തത് സന്തോഷകരമാണ്.

എന്നാൽ, മുഖ്യമന്ത്രി പദവിയുടെ മഹത്വം കളഞ്ഞുകുളിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളെപ്പോലെ രാഷ്ട്രീയ ലാഭംമാത്രം ലാക്കാക്കി കേരളത്തെ വർഗീയവൽക്കരിക്കാൻ പിണറായി വിജയൻ നടത്തുന്ന ശ്രമം മാപ്പർഹിക്കാത്തതാണ്. കേരളത്തെ വർഗീയമായി ധ്രുവീകരിച്ചിട്ടായാലും അധികാരത്തുടർച്ചയുണ്ടാവണമെന്ന വാശി കേരളത്തോടുള്ള വെല്ലുവിളികൂടിയാണ്.

ശ്രീ പിണറായി വിജയൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ നിരവധിതവണ ജമാഅത്തെ ഇസ്‌ലാമിയുമായി സംസാരിച്ചിട്ടുണ്ട്. പലതവണ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചിട്ടുമുണ്ട്. കോടിയേരിയും ജയരാജനും ഐസക്കും ഷൈലജ ടീച്ചറും ശ്രീമതി ടീച്ചറും തുടങ്ങി സാക്ഷാൽ വി.എസ് അച്യുതാനന്ദൻവരെ ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ സഹകരണം നടത്തിയവരുടെ പട്ടികയിലുണ്ട്. എന്നിട്ടും അതെല്ലാം വിസ്മരിച്ച്, മാഅത്തെ ഇസ്‌ലാമിയെ പൈശാചികവൽക്കരിച്ച് കേരളത്തിലെ സാമൂഹ്യന്തരീക്ഷത്തെ തകർക്കാനുള്ള ഗൂഢനീക്കം അധികാരക്കൊതികൊണ്ട് മാത്രമാണ്.

സംഘ്പരിവാറിനെപ്പോലും നാണിപ്പിക്കുംവിധം വർഗീയത പ്രചരിപ്പിച്ച് ഇസ്‌ലാമോഫോബിയയുടെ വളക്കൂറുള്ള മണ്ണിൽ അധികാരമുറപ്പിക്കുവാനുള്ള വിലകുറഞ്ഞ നീക്കം കേരളത്തിനപമാനകരവും അപകടകരവുമാണെന്ന് ഉപദേശപ്പടയുള്ള മുഖ്യമന്ത്രിക്ക് ഇനിയാരാണ് ഉപദേശിച്ചു കൊടുക്കേണ്ടത്.

സി.പി.എമ്മിനെയും പിണറായിയേയും ഒരുകാര്യമുണർത്തട്ടെ. സഖാവ് പിണറായി വിജയൻ കേരളത്തിലെ സി.പി.എമ്മിന്‍റെ അവസാന മുഖ്യമന്ത്രിയാകരുത് എന്നാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്. താൽക്കാലിക വോട്ടുലാഭത്തിന് സംഘ്പരിവാറിന്‍റെ ഭാഷയും വോട്ടുരീതിയും സ്വീകരിച്ചവർ ആത്യന്തികമായി ആർ.എസ്.എസിന്‍റെ ആലയിലേക്ക് അനുയായികളെയും കേരളത്തെതന്നെയും ആട്ടിതെളിയിക്കുകയാണെന്ന യാഥാർഥ്യം വിവരമുള്ള ആരിൽനിന്നെങ്കിലും അറിഞ്ഞുവെക്കുന്നത് നല്ലതാണ്.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് നടത്തുന്ന ഏകപക്ഷീയമായ തെറിവിളിക്കുപകരം ജമാഅത്തുമായി ജനകീയമായ സംവാദത്തിന് തയ്യാറാവുക.

മാർക്സിസം/ഇസ്‌ലാം സൈദ്ധാന്തിക പരികൽപനകൾതൊട്ട് സമകാലിക കേരളത്തിന് അനുയോജ്യമായ സാമൂഹിക ക്രമമേതെന്ന തലത്തിൽ നിന്നുകൊണ്ടും നമുക്കിടയിൽ സംവാദമാകാവുന്നതാണ്.
മറിച്ച് ഒരു മുഖ്യമന്ത്രിതന്നെ ദിവസവും വൈകുന്നേരം മുസ്‌ലിം കർതൃത്വങ്ങളെകുറിച്ച് ഭീതി പരത്തി സംഘ്പരിവാറിന് മരുന്നിട്ട് കൊടുക്കുന്നത് അൽപത്തവും ആപൽക്കരവുമാണ്.

മുഖ്യമന്ത്രി

പിണറായി വിജയൻ

രാഷ്ട്രീയസദാചാരവും മാന്യതയും കാണിക്കണം

കുറച്ചുകാലമായി രാഷ്ട്രീയ ദുഷ്ടലാക്കോടെ ശ്രീ പിണറായി...

Posted by P Mujeeburahman on Saturday, 19 December 2020

Tags:    
News Summary - P Mujeeburahman facebook post against cm pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.