കോഴിക്കോട്: ബാംഗ്ലൂരിലെ കോളനികൾ കേന്ദ്രീകരിച്ച് കർണാടക സർക്കാർ നടത്തിയ കുടിയൊഴിപ്പിക്കൽ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ.
ഒരു രാത്രി കണ്ണടച്ചുതുറന്ന സമയത്തിനുള്ളിലാണ് നൂറുകണക്കിന് മനുഷ്യർ വഴിയാധാരമായത്. അസ്ഥി തുളച്ചുകയറുന്ന തണുപ്പിൽ ഉടുവസ്ത്രങ്ങളും പുതപ്പുമടക്കമുള്ള അവശ്യവസ്തുക്കൾ പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് സ്ത്രീകൾ, കുട്ടികൾ മുതലായവർ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടത്.
മുസ്‌ലിം, ദലിത്, പിന്നാക്ക ക്രൈസ്തവർ പോലുള്ള പാർശ്വവൽകൃത സമൂഹങ്ങളുടെ മേൽക്കൂരകളെ ഞെരിച്ചമർത്തിയാണ് കർണാടക സർക്കാറിന്‍റെ ബുൾഡോസറുകൾ ഇരമ്പിയാർത്തത്. വികസന പദ്ധതികളുടെ ആദ്യത്തെ ഇരകളും വികസനക്കെടുതികൾ കൂടുതൽ അനുഭവിക്കാൻ വിധിക്കപ്പെടുന്നവരും സമൂഹത്തിലെ അരികു ചേർക്കപ്പെടുന്നവരായിരിക്കുമെന്ന യാഥാർഥ്യമാണ് ബാംഗ്ലൂർ കുടിയൊഴിപ്പിക്കലിലും സംഭവിച്ചിരിക്കുന്നത്.
വെറുപ്പിന്‍റെ രാഷ്ട്രീയവും അതിന്‍റെ ഭാഗമായിക്കൊണ്ടുള്ള വംശീയ ഉൻമൂലന പദ്ധതികളും ഭരണകൂട സാമഗ്രികളും ഉപയോഗിച്ച് സംഘ്പരിവാർ നടപ്പാക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഈ വിഷയത്തിലെല്ലാം മാതൃകാപരമായ നിലപാട് സ്വീകരിച്ച കർണാടക സർക്കാറിൽ നിന്നാണ് ആപൽക്കരവും അപകടകരവുമായ ഈ നീക്കം ഉണ്ടായിരിക്കുന്നത്. അതിനാൽ ബാംഗ്ലൂരിൽ കുടിയൊഴിപ്പിക്കപ്പെട്ട മുഴുവൻ മനുഷ്യർക്കും നീതി ഉറപ്പാക്കാൻ ജനാധിപത്യ സർക്കാരെന്ന നിലയിൽ കർണാടക സർക്കാർ സന്നദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.