തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്കില്ലെന്ന ബി.ജെ.പി എം.എൽ.എ വി.മുരളീധരന്റെ ആരോപണങ്ങൾക്ക് നിയമസഭയിൽ ചുട്ടമറുപടി നൽകി മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. ആൻഡമാൻ ജയിലിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയ ചരിത്രമുള്ളവരാണ് കമ്യൂണിസ്റ്റുകാരുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ചോദ്യം ചെയ്യുന്നതെന്ന് പറഞ്ഞ് അദ്ദേഹം സഭയിൽ ആഞ്ഞടിച്ചു.
1913 നവംബർ 14ന് ആൻഡമാൻ ജയിലിൽ വെച്ച് ഒരു നേതാവ് കണ്ണീരുകൊണ്ട് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിയ കാര്യം റിയാസ് സഭയിൽ ഓർമിപ്പിച്ചു. സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിന്ന് മാറിനിന്ന് ബ്രിട്ടീഷുകാരോട് പൂർണമായി സഹകരിക്കാമെന്നായിരുന്നു കത്ത്. അതേ ആൻഡമാൻ ജയിലിൽ ഭീകരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും കൊടിയ പീഡനങ്ങൾ അനുഭവിക്കുകയും ചെയ്തവരാണ് കമ്യൂണിസ്റ്റുകാർ. ആൻഡമാൻ സെല്ലുലാർ ജയിലിലെ ശിലകളിൽ കൊത്തിവെച്ചിട്ടുള്ള രക്തസാക്ഷികളുടെ പേരുകളിൽ മഹാഭൂരിപക്ഷവും കമ്യൂണിസ്റ്റുകാരുടേതാണെന്നും, തങ്ങളുടെ പ്രസ്ഥാനത്തിന്റെ പങ്കെന്താണെന്ന് നാടിന് നന്നായി അറിയാമെന്നും റിയാസ് പരിഹസിച്ചു.
യു.ഡി.എഫ് സർക്കാരിനുള്ള ജനവിധിയെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ റിയാസ്, പുതിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആശംസകൾ നേർന്നു. എന്നാൽ, കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന കടുത്ത അവഗണനയെക്കുറിച്ച് പരാമർശിക്കാൻ പോലും തയ്യാറാകാത്ത നയപ്രഖ്യാപന പ്രസംഗത്തെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ എൽ.ഡി.എഫ് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. ജനങ്ങൾക്ക് ഉപകാരപ്രദമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ പരിപൂർണ സഹകരണം ഉണ്ടാകും. യു.ഡി.എഫ് പ്രതിപക്ഷമായിരുന്ന സമയത്തെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും എൽ.ഡി.എഫിന്റെ സമീപനം. ഇതിന്റെ ഭാഗമായാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ ഇടതുപക്ഷ നേതാക്കൾ പങ്കെടുത്തത്. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആഭ്യന്തര പ്രശ്നങ്ങളിൽ എൽ.ഡി.എഫ് കക്ഷി ചേരാതിരുന്നതും ഇിതിന്‍റെ ഭാഗമാണ്.
വന്ദേമാതരത്തെ ഒരു രാഷ്ട്രീയ പ്രശ്നമായാണ് കാണുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ അത് പൂർണമായും അവതരിപ്പിച്ചതിനോട് എൽ.ഡി.എഫിന് വിയോജിപ്പുണ്ട്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾക്ക് ആരും എതിരല്ലെങ്കിലും, അത് പൂർണമായും അവതരിപ്പിക്കുന്നതിന് മതനിരപേക്ഷ ഇന്ത്യ എതിരാണെന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സുപ്രിം കോടതി നിർബന്ധമില്ലെന്ന് വ്യക്തമാക്കിയ വന്ദേമാതരം വീണ്ടും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിയമസഭയിൽ ആദ്യ രണ്ട് ഈരടികൾ മാത്രം ചൊല്ലിയത് എൽ.ഡി.എഫ് ഉയർത്തിയ ന്യായമായ വിമർശനങ്ങളെ ഉൾക്കൊള്ളാൻ സർക്കാർ തയ്യാറായതിന്റെയും ഇടതുപക്ഷം ഒരു തിരുത്തൽ ശക്തിയായി മാറിയതിന്റെയും ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിൽ ബി.ജെ.പിയും കേരളത്തിൽ യു.ഡി.എഫും ഭരിച്ചപ്പോഴെല്ലാം ഒരേ നവ ഉദാരവൽക്കരണ നയമാണ് ഇരു സർക്കാരുകളും പിന്തുടർന്നത്. 2014-16 കാലഘട്ടത്തിന് സമാനമായി, ഇപ്പോൾ വീണ്ടും ഒരേ നയം പിന്തുടർന്ന് മുന്നോട്ട് പോകുന്ന സാഹചര്യമാണോ ഉള്ളതെന്ന ആശങ്കയുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒരു പരാമർശം പോലും വരാതിരുന്നത് ഈ ഗൗരവമേറിയ പ്രശ്നത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മതവർഗീയതയെ ബോധപൂർവ്വം ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.