മലപ്പുറം: 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയറും ഏജന്റായ ഡ്രൈവറും വിജിലൻസ് പിടിയിൽ, മലപ്പുറത്തെ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഓവർസിയറായ പി. ജഫസലും ഏജന്റായ ഡ്രൈവർ ദിഗിലേഷുമാണ് പാടിയിലായത്. കെട്ടിട നമ്പർ നമ്പർ അനുവദിച്ചു നൽകുന്നതിന് 3000 കൈക്കൂലി വാങ്ങുന്നതിനിടെയാണ് വെള്ളിയാഴ്ച വിജിലൻസ് പിടികൂടിയത്.
മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് പരാതി നൽകിയത്. പരാതിക്കാരൻ നിർമിക്കുന്ന വീടിന്റെ കെട്ടിട നമ്പർ ലഭിക്കുന്നതിനായി നന്നമ്പ്ര പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് എഞ്ചിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തി. അവർ ജനൽ ഉറപ്പിച്ചത് സംബന്ധമായ അപാകതകൾ കണ്ടെത്തി. അത് പരിഹരിച്ച് തന്നാൽ മാത്രമേ കെട്ടിട നമ്പർ നൽകൂവെന്ന് ഓവർസിയറായ ജഫസൽ അറിയിച്ചു.
അതിനുശേഷം ഓവർസിയറുടെ ഏജൻറായ ഡ്രൈവർ ദിഗിലേഷ് പരാതിക്കാരനെ ഫോണിൽ വിളിച്ച് 3000 രൂപ നൽകിയാൽ ഓവർസിയറോട് പറഞ്ഞു കെട്ടിട നമ്പർ ശരിയാക്കിത്തരാമെന്ന് അറിയിച്ചു. അതിനുശേഷം പരാതിക്കാരൻ ഓവർസിയറെ നേരിട്ട് കണ്ടപ്പോൾ ഡ്രൈവർ പറഞ്ഞ പ്രകാരം "കാര്യങ്ങൾ" ചെയ്യാൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീക്കിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് ഉച്ചയോടെ 3000 രൂപ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങവേ ഓവർസിയറെയും ഏജന്റായ ഡ്രൈവറെയും കൈയോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നും വിജിലൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.