2064 പൊലീസ് കാമറകളിൽ 402 എണ്ണവും ഉറക്കത്തിൽ

മലപ്പുറം: റോഡുകൾ കേന്ദ്രീകരിച്ച് പൊലീസ് സ്ഥാപിച്ച 2064 സി.സി.ടി.വി കാമറകളിൽ 402 എണ്ണവും പ്രവർത്തനക്ഷമമല്ലെന്ന് ആഭ്യന്തരവകുപ്പിന്‍റെ മറുപടി. തകരാര്‍ പരിഹരിക്കുന്നതില്‍ ആഭ്യന്തരവകുപ്പിന് അനാസ്ഥയുണ്ടെന്ന ആക്ഷേപത്തിന് ബലമേകുന്നതാണ് ഈ കണക്കുകൾ. നിരവധി കേസുകളിൽ അന്വേഷണത്തിന് പൊലീസ് തന്നെ സ്ഥാപിച്ച കാമറകൾ പ്രവർത്തിക്കാത്തതിനാൽ സുപ്രധാന വിവരങ്ങൾ ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

പൊലീസ് കാമറകൾ സ്ഥാപിച്ച സ്ഥലങ്ങളിൽപോലും മറ്റു സ്ഥാപനങ്ങളുടെ നിരീക്ഷണ കാമറകൾക്ക് പിന്നാലെ പോകേണ്ട സ്ഥിതിയാണ്. 2019 ആഗസ്റ്റിൽ തിരുവനന്തപുരത്തെ ഏറ്റവും പ്രധാന റോഡില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്‍റെ ജീവനെടുത്തിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെ നടന്ന അപകടമായിട്ടും കാമറ പ്രവർത്തനക്ഷമമല്ലെന്ന കാരണത്താൽ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് വിശദീകരണം. ഇതോടെ ഇല്ലാതായത് പ്രതികള്‍ക്കെതിരെയുള്ള വലിയ തെളിവാണ്.

ഇതുപോലെ നിരവധി കേസുകളിൽ പൊലീസിന് നിരീക്ഷണ സംവിധാനത്തിലെ വീഴ്ചകൾ കാരണം പഴി കേൾക്കേണ്ടിവരുന്നുണ്ട്. ഇതേപോലെ വിവിധ ഏജൻസികളുമായി സഹകരിച്ച് ലോക്കൽ പൊലീസ് സ്റ്റേഷനുകൾ മുൻകൈയെടുത്ത് സ്ഥാപിച്ച കാമറുകളുടെ സ്ഥിതിയും പരിതാപകരമാണ്. ഇത്തരം കാമറകൾ പലതും ഉദ്ഘാടനം കഴിഞ്ഞ് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും, പരിശോധിക്കുമ്പോൾ വാഹനങ്ങളുടെ നമ്പർ വ്യക്തമാകുന്നില്ലെന്നും പരാതിയുണ്ട്. 

Tags:    
News Summary - Out of 2064 police cameras, 402 are asleep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.