സഭാ തർക്കം: ചർച്ച് ബില്ലിൽ മന്ത്രി വീണ ജോർജ് മൗനം വെടിയണമെന്ന് ഓർത്തഡോക്സ് യുവജനം പോസ്റ്റർ

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് പള്ളി പരിസരങ്ങളിൽ​ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്ററുകള്‍. ‘ചര്‍ച്ച് ബില്‍; പിണറായി വിജയന്‍ നീതി നടപ്പാക്കണം’, ‘നമ്മുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം’ എന്നിങ്ങനെയാണ് നഗരത്തിൽ മാക്കാംകുന്ന്​ പള്ളി പരിസരത്തും ചന്ദനപ്പള്ളി പള്ളി പരിസരത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്​.

ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്ററുകള്‍ വിവിധയിടങ്ങളില്‍ പതിച്ചിരിക്കുന്നത്​. ഞായറാഴ്ച രാവിലെ ആരാധനക്കെത്തിയവരില്‍ ചിലര്‍ തന്നെ ഇടപെട്ട് മന്ത്രിക്കെതിരായ പോസ്റ്ററുകള്‍ നീക്കംചെയ്തു. മന്ത്രിസഭയിൽ ഓര്‍ത്തഡോക്‌സ്​ സഭയുടെ പ്രതിനിധിയായാണ്​ വീണ ജോർജ്​ അറിയപ്പെടുന്നത്​. അങ്ങനെയുള്ള മ​ന്ത്രികൂടി ഉള്‍പ്പെട്ട സര്‍ക്കാറാണ് സഭാ താൽപര്യങ്ങള്‍ക്ക് വിരുദ്ധമായി ബില്ല് കൊണ്ടുവരുന്നത്.

സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയമവുമായി മുന്നോട്ടുപോകുമ്പോള്‍ സഭയുടെകൂടി പ്രതിനിധിയായ മന്ത്രി, സഭയുടെ താൽപര്യമെന്തെന്ന് സര്‍ക്കാറിനെ അറിയിക്കണമെന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നത്. സർക്കാറിന്‍റെ ചർച്ച്​ ബില്ലിന്‍റെ പേരിൽ സഭയിലെ ഒരു വിഭാഗം മന്ത്രിക്കെതിരെ നടത്തുന്ന രഹസ്യനീക്കങ്ങളാണ്​ ഇപ്പോൾ മറ നീക്കി പുറത്തുവന്നിരിക്കുന്നത്​.

ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിൽ പ്രചരിപ്പിച്ച പോസ്റ്ററിന്​ പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന്​ പറഞ്ഞ മന്ത്രി വീണ ജോർജ്​ ഇതിനു​ പിന്നിൽ ആരാണെന്ന്​ തനിക്കറിയാമെന്നും സൂചിപ്പിച്ചു. ഇത്​ തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - Orthodox youth poster asking minister Veena George to break silence on church bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.