കോട്ടയം: സഭ വിഷയം തീർക്കാൻ സുപ്രീംകോടതി വിധി നടപ്പാക്കേണ്ട സർക്കാർ അതിനുപകരം ഒരു വിഭാഗത്തിന് ഒത്താശ ചെയ്‌തുകൊടുക്കുവാൻ വ്യഗ്രത കാണിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്ന് ഓർത്തഡോക്സ് സഭ. തമ്മിലടിപ്പിച്ചു കാര്യം നേടാൻ നടത്തുന്ന ശ്രമം ആയിട്ട് മാത്രമേ ഇതിനെ കാണുവാൻ കഴിയൂ എന്നും സഭ വക്താക്കൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വ്യവഹാര ചരിത്രത്തിന് അന്ത്യം കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടത്തിപ്പിൽ സർക്കാർ സ്വീകരിക്കുന്ന നയം ഏകപക്ഷീയമാണ്. ഈ വിധി നടപ്പാക്കാൻ കീഴ്കോടതികളുടെ ഉത്തരവ് പല തവണ ഉണ്ടായിട്ടും അതിനെ നിരാകരിക്കുന്ന സർക്കാർ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി.
വിധി നടപ്പാക്കാൻ പൊലീസ് സഹയാം നൽകണമെന്ന കഴിഞ്ഞ ദിവസത്തെ ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച അപ്പീൽ തള്ളിയ സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് കേസുമായി പോകുന്ന കേരള സർക്കാർ നിലപാട് ഏറെ ആശങ്ക ഉളവാക്കുന്നതാണ്.
ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നീതിന്യായ കോടതികളുടെ വിധി തീർപ്പുകളെ കാറ്റിൽ പറത്തുകയോ നിഷ്ക്രിയമാക്കുകയോ ചെയ്യുന്ന ഈ നിലപാട് അപലപനീയമാണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയോട് നാളിതുവരെ സർക്കാർ പുലർത്തിയിട്ടുള്ള സമീപനത്തിൽ ക്ഷമയുടെ പാതയും വിട്ടുവീഴ്ചാ മനോഭാവവുമാണ് സഭ സ്വീകരിച്ചിട്ടുള്ളത്.
മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങളും -പാത്രിയാർകിസ് പക്ഷം അധകൃതമായി കൈവശം വച്ചിട്ടുള്ളതുൾപ്പെടെ- 1937ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് കോടതി അസന്നിഗ്ധമായി വിധിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരായി സർക്കാർ സ്വീകരിക്കുന്ന നിലപാട് അസ്വീകാര്യമാണ്. ഈ വിഷയം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി നടത്തിയ ഒന്നിലധികം ചർച്ചകളിൽ സമാധാനപൂർണമായ അന്തരീക്ഷം സംജാതമാക്കുവാൻ സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ക്രിയാത്മകമായ നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.
ക്രമസമാധാന വിഷയങ്ങൾ ഉണ്ടാവാത്ത നിലയിൽ ഈ വിഷയം പരിഹരിക്കുവാൻ മലങ്കര സഭ തികച്ചും സന്നദ്ധമാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചുവെങ്കിലും മറുപക്ഷം അതിനോട് യോജിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചർച്ചയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ചെയ്തു എന്നതാണ് വസ്തുത. ഓർത്തഡോക്സ് സഭ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു എന്നുള്ള വാർത്തകളും പ്രചരണങ്ങളും വസ്‌തുതകളെ സത്യസന്ധമായി മനസിലാക്കാത്ത പ്രതികരണങ്ങൾ മാത്രമാണ്.
ആറ് ദേവാലയങ്ങളെ സംബന്ധിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി കോടതികളിൽ നടന്നുവരുന്ന പരാമർശങ്ങൾ കേരളത്തിലെ പൊതുസമൂഹത്തിന് ബോധ്യമുള്ളതാണ്. നിയമപരമായി ഈ ദേവാലയങ്ങൾ ഭരിക്കപ്പെടണമെന്ന നിലയിലാണ് കോടതികൾ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതൊരു പിടിച്ചടക്കലോ കയ്യേറ്റമോ അല്ല, മറിച്ച് നിയമാനുസരണം ഭരിക്കപ്പെടണം എന്ന ഉത്തരവ് നടപ്പാക്കലാണ്.
കോടതി വിധി അനുസരിക്കുവാൻ സർക്കാരും പൗരന്മാരും ബാധ്യസ്ഥരാണ്. എന്നാൽ കോടതിവിധിക്ക് എതിരെ പഴുതുകൾ കണ്ടെത്താൻ സർക്കാർ കൂട്ടുനിൽക്കുന്നു എന്ന സന്ദേശം തികഞ്ഞ അരാജകത്വത്തിലേക്ക് സമൂഹത്തെ കൊണ്ടുചെന്നെത്തിക്കും എന്നതിൽ സംശയമില്ല.
ഇന്നിത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിഷയമാണെങ്കിൽ നാളെ വിവിധ സഭകളിലും സമുദായങ്ങളിലും മതങ്ങളിലും ഈ സാഹചര്യം രൂപപ്പെടാൻ സാധ്യതയുണ്ട് എന്നസത്യം മറന്നു പോകരുത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള കേരള സർക്കാരിന്‍റെയും ഉദ്യോഗസ്ഥരുടെയും തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതിവിധി നടപ്പാക്കി നീതിന്യായ വ്യവസ്ഥ സംജാതമാക്കുവാൻ നിഷ്പക്ഷമായി ശ്രമിക്കുകയും ചെയ്യണമെന്ന് സഭ ആവശ്യപ്പെട്ടു. ഏകപക്ഷിയമായ സമീപനം സർക്കാർ സ്വീകരിക്കുന്ന പക്ഷം മലങ്കര സഭ കേരള സർക്കാരിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, വൈദിക ട്രസ്റ്റി റോണി എബ്രഹാം വർഗീസ്, അൽമായ ട്രസ്റ്റി അഡ്വ. ബിജു ഉമ്മൻ, അസോസിയേഷൻ സെക്രട്ടറി ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്കോപ്പാ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.