കിഴക്കമ്പലം: അന്തർസംസ്ഥാന അവയവക്കടത്ത് റാക്കറ്റിലെ മുഖ്യപ്രതി നജീബ് കല്ലട്രയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിക്കും. നജീബ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയതായാണ് പൊലീസിന് ലഭിച്ച വിവരം. അവയവ കച്ചവടത്തിന്റെ മറവിൽ ലഭിച്ച തുക റിയൽ എസ്റ്റേറ്റ് മേഖലയിൽ വിനിയോഗിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
മുഖ്യ പ്രതികളായ നജീബിനെയും ഭാര്യ റഷീദയെയും ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. ആലുവ റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിലുള്ള സംഘവും നജീബിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പൊലീസിന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക. നജീബിന്റെ താമസസ്ഥലത്തുനിന്ന് ലഭിച്ച ഡയറി പൊലീസിന് നിർണായകമാണ്. നജീബിന് പല പ്രമുഖ ആശുപത്രികളുമായുള്ള ബന്ധവും അന്വേഷണത്തിൽ വരേണ്ടതുണ്ട്. 2017ൽ മംഗലാപുരത്ത് നടന്ന കൊലപാതകമടക്കം 12 കേസുകളിൽ പ്രതിയാണ് നജീബ്.
ചൊവ്വാഴ്ച ഇതിലെ കൂട്ടുപ്രതികളായ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്, സനോജ് എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ ഫോട്ടോസ്റ്റാറ്റും പ്രിൻറ് കോപ്പിയും എടുത്തുകൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും കൂടുതൽ പ്രിന്റുകൾ ഉള്ളതിനാൽ മറ്റുള്ളവരിൽനിന്ന് വാങ്ങുന്നതിനേക്കാൾ കുറച്ച് പൈസ മാത്രമേ വാങ്ങിയിരുന്നുള്ളൂവെന്നും മറ്റ് പണമിടപാടൊന്നും നടത്തിയിട്ടില്ലെന്നുമാണ് സണ്ണി പൊലീസിന് നൽകിയ മൊഴിയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.