'മത്സരിക്കാൻ പണവുമായി സാധാരണക്കാർ എന്നെ വന്നു കാണുന്നു; നോമിനേഷൻ കൊടുത്ത് വീട്ടിലിരുന്നാൽ മതി, ബാക്കി ഞങ്ങൾ നോക്കിക്കോളാം എന്ന് പറയുന്നു'

നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമെന്ന ആവശ്യവുമായി സാധാരണക്കാർ വന്ന് കാണുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി. അൻവർ. നാമനിർദേശ പത്രിക നൽകാൻ തന്നോട് ആവശ്യപ്പെടുകയാണ്. അവർ പറയുന്നത് കേൾക്കണമോയെന്ന് നോക്കട്ടെയെന്നും അൻവർ പറഞ്ഞു.

അൻവറിന്‍റെ വാക്കുകൾ: 'ആളുകൾ പറയുന്നു പൈസ ഞങ്ങൾ തരാം. ഈ വാർഡ് ഞങ്ങൾ നോക്കിക്കോളാം. നിങ്ങൾ നോമിനേഷൻ കൊടുത്ത് വീട്ടിലിരുന്നാൽ മതി അൻവറിക്കാ എന്നാണ് പലരും പറയുന്നത്. പൈസയില്ലാത്തതിന്‍റെ പേരിൽ നിങ്ങൾ മത്സരിക്കാതിരിക്കരുതെന്ന് പറയുന്നു. ജനങ്ങൾ ഒന്നായി ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും? പൈസ വേണ്ട നിങ്ങൾ നോമിനേഷൻ കൊടുത്താൽ മതി എന്ന് ആരാണ് പറയുന്നത്, ഇവിടുത്തെ പാവപ്പെട്ട സാധാരണ തൊഴിലാളികളാണ്. മുതലാളിമാരാരും ഇല്ല. അക്കാര്യം ഞാൻ നോക്കട്ടെ എത്രത്തോളം ഉണ്ടെന്ന്, എന്നിട്ട് തീരുമാനിക്കാം' -അൻവർ പറഞ്ഞു.

യു.ഡി.എഫുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളെല്ലാം ആത്മാർഥമായിട്ടു തന്നെയാണ് തന്നെ വിളിക്കുന്നതെന്നും എല്ലാവരോടും നോ പറയാന്‍ പ്രയാസമുള്ളതുകൊണ്ടാണ് തന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്നും അന്‍വര്‍ പറഞ്ഞു. ഒരു ചതിക്കുഴിയിലേക്ക് ഒരാള്‍ തന്നെ കൊണ്ടുപോകുമ്പോള്‍ എന്താണ് ചെയ്യുക? അതുകൊണ്ടാണ് ആരോടും ചര്‍ച്ചയില്ല, തിരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് പറഞ്ഞത് - അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, പി.വി അൻവറുമായി ഇനി ചർച്ച വേണ്ടെന്ന് യു.ഡി.എഫിൽ തീരുമാനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേതാക്കളാരും അൻവറുമായി ഇനി ചർച്ച നടത്തില്ലെന്നും അൻവർ തിരുത്തി വന്നാൽ മാത്രം ചർച്ച മതിയെന്നുമാണ് തീരുമാനം. അൻവറിന്റെ ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനും ധാരണയായി.

ജൂൺ 19നാണ് നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുക. 23നാണ് ഫലപ്രഖ്യാപനം. ജൂൺ രണ്ട് വരെയാണ് നാമനിർദേശ പത്രിക നൽകാനുള്ള സമയം. ജൂൺ മൂന്നിന് സൂക്ഷ്മപരിശോധന നടക്കും. ജൂൺ അഞ്ച് വരെ പത്രിക പിൻവലിക്കാം.

Tags:    
News Summary - Ordinary people come to see me with money to compete in Nilambur election says PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.