പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശുപത്രിയിൽ നടത്തിയ സന്ദർശനം, എം.വി ഗോവിന്ദൻ മാസ്റ്ററും എം.വി. ജയരാജനും സമീപം

വയനാട് മണ്ണിടിച്ചിൽ: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കള്ളാടിയിൽ; ഇന്ന് രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

കൽപ്പറ്റ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ പ്രദേശം സന്ദർശിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും പ്രതിപക്ഷ നേതാവിന്റെ കൂടെയുണ്ടായിരുന്നു. സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുള്ള റവന്യൂ മന്ത്രി എ.പി അനിൽകുമാറുമായി വിവരങ്ങൾ ചോദിച്ചു മനസിലാക്കിയ ശേഷമാണ് പിണറായി വിജയൻ മണ്ണിടിച്ചിൽ പ്രദേശം സന്ദർശിച്ചത്. നേരത്തെ തുരങ്കപാത പ്രവർത്തിയുടെ ഉദ്ഘാടന വേളയിലാണ് മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കള്ളാടി സന്ദർശിച്ചിരുന്നത്. ദുരന്തമേഖല സന്ദർശനം പൂർത്തിയാക്കിയ ശേഷം ചികിത്സയിൽ കഴിയുന്നവരെ കാണാനായി ആശുപത്രിയിലേക്കും പിന്നീട് ദുരിതാശ്വാസ ക്യാമ്പും പ്രതിപക്ഷ നേതാവ് സന്ദർശിക്കും.

അതേസമയം, മണ്ണിടിച്ചിൽ നടന്ന കള്ളാടിയിൽ നിന്നും ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി എൻ.ഡി.ആർ.എഫും സംഘവും കണ്ടെത്തിയിട്ടുണ്ട്. പുഴയോട് ചേർന്ന ഭാഗത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനി മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

മണ്ണിടിച്ചിലിൽ മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും എംബാം നടപടികൾ പൂർത്തിയാക്കി കരാർ കമ്പനിയായ ഡി.ബി.എല്ലിന് കൈമാറിയിരുന്നു. തുടർന്ന് മൃതദേഹങ്ങൾ മരണപ്പെട്ടവരുടെ നാട്ടിലേക്ക് വിമാനമാർഗ്ഗം എത്തിക്കും. ബാക്കിയുള്ള മൂന്ന് പേരുടെ തിരച്ചിലിനായി കഡാവർ നായകളെയും സ്പോട് ലൊക്കേഷൻ കാമറകളും ഉൾപ്പെടെ സംഭവ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. നാല് സോണുകളിലായാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.

കനത്ത മഴയെത്തുടർന്ന് ജൂലൈ 7 ചൊവ്വാഴ്ചയാണ് മേപ്പാടി കള്ളാടിയിലെ തുരങ്കപാത പ്രവർത്തന മേഖലയിൽ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തിൽ തൊഴിലാളികളും സൈറ്റ് എൻജിനിയർമാർ അടക്കം എട്ട് പേരെ കാണാതായിരുന്നു. മൂന്ന് പേരുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന അഞ്ച് പേരിൽ രണ്ട് പേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ദുരന്തമേഖലയിൽ പ്രവർത്തനം ഏകോപിക്കാൻ കൃഷിമന്ത്രിയും ജില്ലാ ചുമതലയുള്ള മന്ത്രിയുമായ അഡ്വ. ടി. സിദ്ധിഖും റവന്യൂ മന്ത്രി എ.പി അനിൽകുമാറും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശൻ അപകടസ്ഥലം സന്ദർശിച്ച ശേഷം ചികിത്സയിലുള്ളവരെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംഭവ സ്ഥലം സന്ദർശിക്കുന്നത്. 

Tags:    
News Summary - Opposition leader Pinarayi Vijayan visits Wayanad landslide area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.