കേരള പൊലീസ് ആസ്ഥാനം

ദക്ഷിണേന്ത്യൻ ഡി.ജി.പിമാർ കേരളത്തിലേക്ക്; ‘ഓപറേഷൻ തൂഫാന്’ കരുത്തേകാൻ സംയുക്ത നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെയുള്ള ‘ഓപറേഷൻ തൂഫാൻ’ ശക്തമായി മുന്നോട്ട് പോകുന്നതിനിടയിൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുടെ യോഗം വിളിച്ച് കേരളം. ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർ പ​ങ്കെടുക്കുന്ന നിർണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടക്കും.

മയക്കുമരുന്നിന്റെ ഉൽപാദനം, വിതരണം, വിപണനം എന്നിവ പൂർണമായും തടയുക എന്ന ലക്ഷ്യത്തോടെയുള്ള സംയുക്ത നീക്കത്തിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾ യോഗത്തിൽ പങ്കെടുക്കാമെന്ന് സമ്മതം അറിയിച്ചിട്ടുണ്ട്.

ഓപറേഷൻ തൂഫാന് പൂർണ പിന്തുണ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചത്. കേരള-കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന നടത്തുമെന്നും ശിവകുമാർ ഉറപ്പ് നൽകി. ബംഗളൂരു വിധാൻ സൗധയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

‘ഓപറേഷൻ തൂഫാന്റെ’ ഭാഗമായി കർണാടകയിലും പരിശോധനകൾ ശക്തമാക്കുമെന്നും, കേരള-കർണാടക പൊലീസ് സേനകൾ തമ്മിൽ ശക്തമായ ഏകോപനവും സഹകരണവും ഉറപ്പാക്കുമെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ ദൗത്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് ലഹരിവിരുദ്ധ വേട്ടയുടെ ഭാഗമായി പ്രഖ്യാപിച്ച ‘ഓപറേഷൻ തൂഫാൻ’ ശക്തമായി തുടരുകയാണ്. കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതിന് പിന്നിൽ വിദേശത്ത് ഇരുന്ന് പ്രവർത്തിക്കുന്ന മലയാളി സംഘങ്ങളെയും കേരള പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ മൂന്ന് മലയാളികളെയും അവരുടെ ഒളിത്താവളങ്ങളെയും പൊലീസ് തിരിച്ചറിഞ്ഞു.

തായ്‌ലൻഡ്, കംബോഡിയ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചിരുന്ന മലയാളി പൊലീസിന്റെ നിരീക്ഷണത്തിലുമാണ്. ഗൾഫ് രാജ്യങ്ങളിൽ ഇരുന്ന് ലഹരി ശൃംഖലകൾക്ക് നേതൃത്വം നൽകുന്ന രണ്ട് മലയാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ എത്രയുംവേഗം പിടികൂടി ഇന്ത്യയിൽ എത്തിക്കാനും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുമുള്ള ശ്രമത്തിലാണ് കേരള പൊലീസ്.

Tags:    
News Summary - Operation Toofan: Southern DGP Meet Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.