തൊടുപുഴ: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് റോഡിലിറങ്ങുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്താൻ മോട്ടോർ വാഹന വകുപ്പ്. കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 1,93,97,002 വാഹനങ്ങളാണ് നിലവിലുള്ളത്. എന്നാൽ, അവയിൽ റോഡിൽ ഉപയോഗയോഗ്യമായി എത്രയെണ്ണമാണുള്ളതെന്ന് വ്യക്തമായ കണക്കുകൾ ഇല്ല.
റോഡിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ, ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ, രേഖകളിൽ ഉള്ളതും നശിച്ചു പോയതുമായ വാഹനങ്ങൾ എന്നിവ സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാക്കുകയാണ് വെഹിക്കിൾ സെൻസസിന്‍റെ പ്രാഥമിക ഉദ്ദേശ്യം. ട്രാഫിക് വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം കേരളത്തിലെ റോഡുകളുടെ സാധാരണ ഉൾക്കൊള്ളൽ ശേഷിയേക്കാൾ ഇരട്ടിയിലധികം വാഹനങ്ങളാണ് നിരത്തുകളിലൂടെ പായുന്നത്. ഇത് വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്കും ഒരു പരിധിവരെ കാരണമാണ്.
സംസ്ഥാനത്ത് ഒരുദിവസം 130 നും 160 നും ഇടയിൽ വാഹനാപകടങ്ങൾ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. പത്ത് മുതൽ പതിനഞ്ച് പേർ വരെ മരണപ്പെടുന്നു. 150 നും 160 നും ഇടയിൽ ആളുകൾക്ക് പരിക്കേൽക്കുന്ന സാഹചര്യവുമുണ്ട്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 18,598 അപകടങ്ങളിലായി 1384 പേർ റോഡപകടങ്ങളിൽ മരണപ്പെട്ടു. 21,255 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സെൻസസിലൂടെ വാഹനങ്ങളുടെ സാന്ദ്രതയും അപകട സാധ്യതയും താരതമ്യം ചെയ്ത് അപകടങ്ങൾ പതിവായ സ്പോട്ടുകൾ കൃത്യമായി കണ്ടെത്താനും ഇതുവഴി വാഹനാപകടങ്ങൾക്ക് കടിഞ്ഞാണിടാനും സർവേ സഹായകമാകുമെന്നാണ് കരുതുന്നത്. ഇത് കൂടാതെ സർവേയിലൂടെ ഫിറ്റ്നസ് ഇല്ലാത്തവ, റോഡ് ടാക്സ് അടക്കാത്തവ, വ്യാജനമ്പറിൽ ഓടുന്നവ തുടങ്ങിയ വാഹനങ്ങളെയും കണ്ടെത്താൻ കഴിയും.
ഇതോടൊപ്പം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്നതിനായി സംസ്ഥാനത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ഇതിൽ ഒമ്പതെണ്ണം മുമ്പ് അനുമതി നൽകി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതും 19 എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം അനുമതി നൽകിയതുമാണ്. ഒരു ജില്ലയിൽ രണ്ട് സ്റ്റേഷൻ എന്ന ക്രമത്തിലാണ് അനുമതി നൽകിയിട്ടുള്ളത്. ഈ വർഷം തന്നെ സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.