തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ എതിർപ്പ് പ്രകടമാക്കി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം. ഇന്ന് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുക്കില്ലെന്നുമാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രി പ്രഖ്യാപനം പിന്നാലെ മാധ്യമങ്ങളെ കാണാതെ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് രമേശ് ചെന്നിത്തല പുറത്തേക്ക് പോയതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്തെ കൃഷ്ണവിലാസം റോഡിലെ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങിപ്പോയതായാണ് സ്ഥലത്തുണ്ടായിരുന്ന നേതാക്കൾ പറയുന്നത്. എന്നാൽ, തിരുവനന്തപുരത്തുതന്നെ രമേശ് ചെന്നിത്തല ഉണ്ടെന്നും സൂചനയുണ്ട്.
രമേശ് ചെന്നിത്തല വീട്ടിൽ ഉണ്ടെന്ന് കരുതി പ്രതികരണത്തിനായി എത്തിയ മാധ്യമപ്രവർത്തകർക്ക് മുന്നിൽ എത്തിയ ജ്യോതികുമാർ ചാമക്കാല, ചെന്നിത്തല വീട്ടിൽ ഇല്ലെന്ന് അറിയിക്കുകയായിരുന്നു. രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുമെന്നുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും അദ്ദേഹം എവിടെയാണെന്ന കാര്യം ഇനിയും വ്യക്തമല്ല. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഹൈക്കമാൻഡ് പ്രതിനിധികൾ രമേശ് ചെന്നിത്തലയുമായി സംസാരിച്ചെന്ന് വിവരമുണ്ട്. രാഹുൽ ഗാന്ധിയും അദ്ദേഹവുമായി സംസാരിച്ചുവെന്നാണ് സൂചന.
ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ തനിക്കുള്ള അതൃപ്തി ചെന്നിത്തല അറിയിച്ചതായാണ് വിവരം. എം.എൽ.എമാരായ ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, ടി.ജെ. വിനോദ് എന്നിവർ രാവിലെ മുതൽ രമേശ് ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തുടരുമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് 'നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ എന്നാണ്' മറുപടി നൽകിയത്. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിലുള്ള പ്രതികരണം നൽകിയ ശേഷം തിരികെ നടന്ന് പോകവേ ചിരിച്ച് കൊണ്ട് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്.
അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഞാൻ കോൺഗ്രസ് പ്രവർത്തകനാണ്. പാർട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വി.ഡി. സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാ വശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സതീശന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്കും സർക്കാരിനും എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സർക്കാർ കേരളത്തിലുണ്ടാകും. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കും എന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. അടിയുറച്ച കോൺഗ്രസുകാരനായി തുടരുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.