കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ നൽകി ഹജ്ജിന് അവസരം കാത്തിരിക്കുന്നവരുടെ പട്ടികയിലുള്ള ക്രമനമ്പര്‍ 3863 പേര്‍ക്കുകൂടി തീര്‍ഥാടനത്തിന് അവസരം ലഭിച്ചു. കാത്തിരിപ്പ് പട്ടികയിലുള്‍പ്പെട്ട്, അണ്ടര്‍ടേക്കിങ് പൂര്‍ത്തിയാക്കിയവരെയാണ് ഇപ്പോള്‍ ലഭ്യമായ അവസരത്തിലേക്ക് തെരഞ്ഞെടുത്തത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉടൻ യാത്രക്കുള്ള മുഴുവന്‍ തുകയും അടക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
കവര്‍ നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ച് അടക്കേണ്ട തുക അറിയാനാകും. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓണ്‍ലൈനായോ പണമടക്കാം.
പുതിയതായി അവസരം ലഭിച്ച തീര്‍ഥാടകര്‍ അപേക്ഷഫോമും അനുബന്ധ രേഖകളും കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ഉടൻ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ല ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായോ മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായോ ബന്ധപ്പെടാം.
വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2710717. വെബ്സൈറ്റ്: https://hajcommittee.gov.in
കരിപ്പൂരില്‍നിന്ന് 3967 തീര്‍ഥാടകര്‍ മക്കയിലെത്തി
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ 3967 തീര്‍ഥാടകര്‍ മക്കയിലെത്തി. ഞായറാഴ്ച വരെ 23 വിമാനങ്ങളാണ് ഹജ്ജ് സര്‍വിസ് നടത്തിയത്. കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് ബുധനാഴ്ചയോടെ പരിസമാപ്തിയാകും.
തിങ്കളാഴ്ച പുലർച്ച ഒന്നിനുള്ള വിമാനം തീര്‍ഥാടകരുമായി പുറപ്പെട്ടു. ഇനി തിങ്കളാഴ്ചയിലെ ഒരു വിമാനവും ചൊവ്വാഴ്ച രണ്ടു വിമാനങ്ങളും ബുധനാഴ്ച മൂന്നു വിമാനങ്ങളുമാണുള്ളത്. അവസാന വിമാനത്തില്‍ യാത്രയാകുന്ന സംഘം ബുധനാഴ്ച വൈകുന്നേരം വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതോടെ ഹജ്ജ് ക്യാമ്പിന് സമാപനമാകും.
കരിപ്പൂരില്‍നിന്ന് ഞായറാഴ്ച രണ്ടു വിമാനങ്ങളിലായി 346 തീര്‍ഥാടകര്‍ പുറപ്പെട്ടു. പുലർച്ച 12.30ന് പുറപ്പെട്ട വിമാനത്തില്‍ 87 പുരുഷന്മാരും 86 സ്ത്രീകളും, വൈകുന്നേരം 4.50ന് പുറപ്പെട്ട വിമാനത്തില്‍ 85 പുരുഷന്മാരും 88 സ്ത്രീകളുമാണ് യാത്രയായത്. തിങ്കളാഴ്ച പുലർച്ച ഒന്നിന് പുറപ്പെടുന്ന വിമാനത്തില്‍ 74 പുരുഷന്മാരും 92 സ്ത്രീകളുമാണ് യാത്രയായത്. വൈകുന്നേരം 5.30ന് പുറപ്പെടുന്ന വിമാനത്തില്‍ 82 പുരുഷന്മാരും 91 സ്ത്രീകളും യാത്രയാകും. കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച പുലർച്ച അഞ്ചിനാണ് ഹജ്ജ് സര്‍വിസ്. ചൊവ്വാഴ്ച കണ്ണൂരില്‍നിന്ന് ഹജ്ജ് സർവിസുകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.