തിരുവനന്തപുരം: പഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിൽ വ്യാപക ക്രമക്കേട്. ഓപറേഷൻ ബ്ലൂ പ്രിന്റ് എന്ന പേരിൽ 57 ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
എറണാകുളം ജില്ലയിലെ ആറ് പഞ്ചായത്തിലും ഇടുക്കി, കോട്ടയം ജില്ലകളിലെ അഞ്ച് ഗ്രാമപഞ്ചായത്തുകൾ വീതവും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നാല് പഞ്ചായത്തുകൾ വീതവും വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലുമായിരുന്നു മിന്നൽ പരിശോധന.
പഞ്ചായത്തുകളിൽ കെട്ടിട നിർമാണ പെർമിറ്റുകൾ നൽകുന്നതിലും കെട്ടിട നമ്പർ അനുവദിക്കുന്നതിലും ചില ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതായും ഗ്രാമപഞ്ചായത്തുകൾ മുഖേന ചെയ്യുന്ന നിർമാണ പ്രവൃത്തികളിൽ ക്രമക്കേട് നടത്തുന്നതായും മരാമത്ത് പണികളിൽ കരാറുകാരെ തെരഞ്ഞെടുക്കുന്നതിൽ ക്രമക്കേട് നടക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കെട്ടിട നിർമാണ അനുമതിക്കായുള്ള 1689 അപേക്ഷകളും കെട്ടിട നമ്പറിനുവേണ്ടിയുള്ള 504 അപേക്ഷകളിലും തീരുമാനമെടുത്തില്ല. കേരള കെട്ടിട നിർമാണചട്ടം പാലിക്കാതെ പൂർത്തീകരിച്ച വ്യാപാരസ്ഥാപനങ്ങൾക്ക് കെട്ടിട നമ്പർ നൽകി. വിവിധ റോഡ് പ്രവൃത്തികൾ ഒരേ കരാറുകാർക്ക് നൽകിയ ക്രമക്കേടും പല പഞ്ചായത്തുകളിലും കണ്ടെത്തി.
പഞ്ചായത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്ന എയിഡഡ് സ്കൂൾ കെട്ടിടങ്ങളും കണ്ടെത്തി. ചില സ്കൂളുകളിൽ ബലക്ഷയമുള്ള കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. കരാറുകാരുമായി ഗൂഗിൾപേ അക്കൗണ്ട് വഴി പണമിടപാട് നടത്തിയ ഉദ്യോഗസ്ഥരെയും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.