വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട വിഷയത്തിൽ മുസ്ലിം സംഘടന നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ച

വഖഫ് ബോർഡ് നിയമനത്തിൽ തുറന്ന മനസ് - മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാറിന് തുറന്ന മനസ്സാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമനം പി.എസ്.സിക്ക് വിടണം എന്ന ആവശ്യം ഉയർന്നുവന്ന ഘട്ടങ്ങളിലൊന്നും എതിർപ്പ് ഉണ്ടായിട്ടില്ല. 2016 ജൂലൈ 19ന് ചേർന്ന വഖഫ് ബോർഡ് യോഗമാണ് പി.എസ്.സി വഴി നിയമനം നടത്തണമെന്ന തീരുമാനം എടുത്തത്. ഈ യോഗത്തിലോ തുടർന്നുള്ള സമയത്തോ എതിരഭിപ്രായം ഉണ്ടായില്ല.

ഗവർണർ ഒപ്പുവെച്ച് നിയമം വന്ന ശേഷമാണ് നിയമനം പി. എസ്.സിക്ക് വിടരുതെന്ന ആവശ്യം ഉയർന്നത്. സബ്ജക്ട് കമ്മിറ്റി വിഷയം പരിഗണിച്ച വേളയിലും നിയമസഭയിൽ ചർച്ച നടന്നപ്പോഴും പി.എസ്.സിക്ക് വിടരുത് എന്ന വാദം ആരും ഉന്നയിച്ചില്ലെന്നും വിവിധ സംഘടന പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ബോർഡിൽ നിലവിലുള്ള താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുള്ള ഒഴിവുകൾ പി. എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനാണ് 2017 നവംബർ 15ലെ മന്ത്രിസഭാ യോഗം ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശിപാർശ ചെയ്യുന്ന വേളയിൽ തീരുമാനിച്ചത്. ജോലി ചെയ്തു വരുന്നവർക്ക് സംരക്ഷണം വേണം എന്ന ആവശ്യം മാത്രമാണ് നിയമസഭയിലും ചർച്ച ചെയ്യുമ്പോൾ ഉണ്ടായത്. അതിനാലാണ് നിയമനിർമാണവുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി. അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, പ്രിൻസിപ്പൽ സെക്രട്ടറി എ. പി.എം. മുഹമ്മദ് ഹനീഷ്, സംഘടനകളെ പ്രതിനിധീകരിച്ച് വാക്കോട് മൊയ്തീൻകുട്ടി ഫൈസി, കെ. മോയിൻകുട്ടി മാസ്റ്റർ, അബ്ദുസ്സമദ് പൂക്കോട്ടൂർ (സമസ്ത കേരള ജംഇയ്യതുൽ ഉലമ), ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, എ. സെയ്ഫുദ്ദീൻ ഹാജി (കേരള മുസ്‌ലിം ജമാഅത്ത്), ടി. പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ (കെ.എൻ.എം), കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി (കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ), ടി.കെ അഷ്റഫ്, ഡോ. നഫീസ് (വിസ്ഡം ഇസ്ലാമിക് ഓർഗ.), ഡോ. ഐ.പി. അബ്ദുസ്സലാം,

എൻ. എം. അബ്ദുൽ ജലീൽ (മുജാഹിദ് മർക്കസുദ്ദഅ്വ വിഭാഗം), ഡോ.പി.എ. ഫസൽ ഗഫൂർ, പ്രഫ. കടവനാട് മുഹമ്മദ് (എം.ഇ.എസ്), ഡോ. ഇ. മുഹമ്മദ് ഷരീഫ്, അഹമ്മദ് കുഞ്ഞ് (എം.എസ്.എസ്), എ.ഐ. മുബീൻ, പ്രഫ. ഇ. അബ്ദുൽ റഷീദ് (മെക്ക), കെ. എം. ഹാരിസ്, കരമന ബയാർ (കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ), കെ.പി. സെയ്നുൽ ആബിദീൻ, ഹാരിഫ് ഹാജി (തബ്‌ലീഗ് ജമാഅത്ത്) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Open minded in appointing Waqf Board - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.