മഞ്ചേരി: അത്യാഹിത വിഭാഗമില്ലാത്ത മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും വൈകീട്ട് ആറുമണി വരെ ഒ.പി പ്രവർത്തിക്കാൻ ആരോഗ്യ ഡയറക്ടർ ഉത്തരവിറക്കിയെങ്കിലും നടപ്പാവാൻ ഡോക്ടർമാരും തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കണം. മൂന്നുമണി വരെ ഒ.പി പ്രവർത്തിക്കാൻ നിലവിൽ ഉത്തരവുണ്ട്. ഡോക്ടർമാരുെട ജോലിയിൽ സർക്കാറിന് നിയന്ത്രമേർപ്പെടുത്താൻ കഴിയാത്തതിനാൽ ഇതുപോലും നടക്കുന്നില്ല.
ഇതിന് പുറമെയാണ് ഇന്ന് മുതൽ 31 വരെ ആറുമണിവരെ പ്രവർത്തിക്കണമെന്ന് ആരോഗ്യ ഡയറക്ടർ ഡോ. ആർ.എൽ. സരിത ഉത്തരവിറക്കിയത്. ജില്ല, താലൂക്ക് ആശുപത്രികളും അവക്ക് താഴെയുള്ള ആരോഗ്യസ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങൾക്ക് വിട്ടുനൽകിയതായതിനാൽ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളുമാണ് ഉത്തരവ് നടപ്പാകുന്നുണ്ടോയെന്ന് നിരീക്ഷിക്കേണ്ടത്.
വൈകീട്ട് ആറുവരെ പ്രവർത്തിക്കുന്നുണ്ടെന്ന് ഡി.എം.ഒമാരും ഉറപ്പാക്കണം. ഉച്ചസമയത്തെ ഒരു മണിക്കൂർ ഒഴിവാക്കി രണ്ടുമണി വരെ നിലവിൽ ഒ.പി നടത്തുന്നുണ്ടെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. കെ.എ. റഊഫ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ചെലവിൽ ഡോക്ടറെയും നഴ്സിനെയും താൽക്കാലികമായി വെക്കാൻ നിർദേശമുള്ളതാണെന്നും അത്തരത്തിൽ നിയമിച്ച ആശുപത്രികളിൽ ആറുവരെ പരിശോധന നടത്താൻ കഴിയുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. എന്നാൽ, താൽക്കാലികമായി അധിക ഡോക്ടറെ നിയമിച്ചതോ, അല്ലാത്തതോ എന്ന വ്യത്യാസമില്ലാതെ എല്ലാ കേന്ദ്രങ്ങളിലും ആറുവരെ ഒ.പി പ്രവർത്തിക്കാനാണ് ആരോഗ്യ ഡയറക്ടർ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.