ഉമ്മന്‍ ചാണ്ടിക്ക് പോഷകാഹാരക്കുറവിന്‍റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍, ആരോഗ്യനില തൃപ്തികരം, തുടർ ചികിത്സ നാളെ തീരുമാനിക്കും

ബംഗളൂരു: എച്ച്സിജി കാൻസർ സെന്ററിലെ ഡോ. യു.എസ്. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിശോധിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അത്‌ പരിഹരിക്കാനുള്ള ശ്രമം ആരംഭിക്കും. തുടര്‍ചികിത്സ സംബന്ധിച്ച് നാളെ ഡോക്ടര്‍മാരുടെ യോഗം ചേരുമെന്ന് ഉമ്മൻചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മൻ അറിയിച്ചു.

ന്യൂമോണിയ മാറിയ ശേഷവും അദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത്‌ ആശ്വാസകരമാണെന്നും ഡോക്ടർമാർ അറിയിച്ചെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇനി തുടർചികിത്സകൾ എങ്ങനെ വേണമെന്ന് നാളെ ഡോക്ടർമാർ യോഗം ചേർന്ന് തീരുമാനമെടുക്കും. ഇതെ കുറിച്ച് കൊച്ചിയിലെ ഒരു സംഘം ഡോക്ടർമാരുമായി ചർച്ച നടത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. ഇന്ന് ഉച്ചയോടെ തിരുവന്തപുരത്ത് നിന്ന് കുടുംബത്തോടൊപ്പം ചാർട്ടേഡ് വിമാനത്തിലാണ് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവില്‍ എത്തിച്ചത്.

ന്യൂമോണിയ ഭേദമായതിന് ശേഷമാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ മെഡിക്കല്‍ സംഘവും സര്‍ക്കാറിന്‍റെ മെഡിക്കല്‍ ബോര്‍ഡും തുടര്‍ ചികിത്സയ്ക്കായുള്ള യാത്രയ്ക്ക് അനുമതി നല്‍കിയത്. മൊബൈല്‍ ഐസിയു അടക്കമുള്ള സൗകര്യങ്ങളുമായി ആംബുലന്‍സ് ഒരുക്കിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്പെട്ടത് അനുസരിച്ച് കാറിലായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര. ഇതിനിടെ, ചികിത്സയക്കുറിച്ചുണ്ടായ വിവാദങ്ങളെല്ലാം അനാവശ്യമാണെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനുപുറമെ, സംസ്ഥാന സർക്കാർ ​വിലയിരുത്തൽ നടത്തുന്നുണ്ട്.

Tags:    
News Summary - Oommen Chandy's health condition is satisfactory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.