കരിമ്പട്ടികയിൽപ്പെട്ട കമ്പനിയുടെ വിവരങ്ങൾ കേന്ദ്രം മറച്ചുവെച്ചു -ഉമ്മൻചാണ്ടി

തിരുവനന്തപുരം: സംയുക്ത പാര്‍ലമെന്‍ററി സമതി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ബ്രിട്ടീഷ് കമ്പനി 'ഡി ലാ റ്യൂ'വിന്‍റെ വിവരങ്ങൾ ഇന്തോ-ബ്രിട്ടീഷ് ടെക് ഉച്ചകോടി വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്ലാസ്റ്റിക് നോട്ട് അടിക്കാന്‍ തയാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഈ കമ്പനിയെകുറിച്ച് താൻ ആരോപണംഉന്നയിച്ചതിന് പിന്നാലെയാണ് വിവരങ്ങൾ സൈറ്റിൽ നിന്ന് നീക്കം ചെയ്തത്. തന്‍റെ ആരോപണങ്ങൾക്ക് ബന്ധപ്പെട്ടവർ മറുപടി പറഞ്ഞില്ലെന്നും കമ്പനിയെകുറിച്ചുള്ള വിവരങ്ങൾ കേന്ദ്രസർക്കാർ മറച്ചുവെച്ചെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

സംയുക്ത പാര്‍ലമെന്‍ററി സമതി കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയെ ഉച്ചകോടിയുടെ പ്ലാറ്റിനം പാര്‍ട്ണറായത് സംബന്ധിച്ച് താന്‍ തെളിവ് സഹിതമാണ് ആരോപണം ഉന്നയിച്ചിരുന്നത്. സംയുക്ത പാര്‍ലമെന്‍ററി സമതിയുടെ റിപ്പോര്‍ട്ട്, കേന്ദ്രമന്ത്രിമാര്‍ നല്‍കിയ അറിയിപ്പ്, കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്, കമ്പനി സി.ഇ.ഒയുടെ പത്രസമ്മേളന വിവരങ്ങൾ എന്നീ തെളിവുകളും സൈറ്റ് ലിങ്കുകളും പുറത്തുവിട്ടു. എന്നാല്‍, മറുപടി നല്‍കാതെ വിവരങ്ങള്‍ നീക്കം ചെയ്യുകയാണുണ്ടായതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

ഒരിക്കല്‍ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ സെക്യൂരിറ്റി ക്ലിയറന്‍സ് ഇല്ലെന്ന് പറഞ്ഞ മാറ്റി നിര്‍ത്തിയ, മൂന്ന് വര്‍ഷം ഒരു പ്രവര്‍ത്തനവും ഇല്ലാതിരുന്ന കമ്പനി ഇപ്പോള്‍ മുന്‍ നിരയിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് ശിപാര്‍ശ നല്‍കിയ കമ്പനി 'മേക്ക് ഇന്‍ ഇന്ത്യ'യുടെ ഭാഗമാകുന്നു. ഉച്ചകോടിയുടെ പ്ലാറ്റിനം പാര്‍ട്ണര്‍ ആകുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് താന്‍ കത്തെഴുതിയിട്ടുണ്ടെന്നും ഉമ്മൻചാണ്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചൈന, പാകിസ്താൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങൾക്ക് കറന്‍സി അച്ചടിച്ചു നല്‍കുന്ന കമ്പനിയാണ് 'ഡി ലാ റ്യൂ' എന്ന് ആരോപണമുണ്ടെന്നും 10 രൂപയുടെ നൂറുകോടി പ്ലാസ്റ്റിക് നോട്ടുകള്‍ അടിക്കാന്‍ അവരെ ഏൽപിച്ചത് സംശയകരമാണെന്നും ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Tags:    
News Summary - oommen chandy react blacklisted company Thomas de la Rue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.