വി.ആര്‍. സുധീഷ്

ഒ.എന്‍.വി പുരസ്കാര വിവാദം: വൈരമുത്തുവിന് പിന്തുണയുമായി സാഹിത്യകാരന്‍ വി.ആര്‍. സുധീഷ്

കോഴിക്കോട്: ഒ.എന്‍.വി പുരസ്കാര വിവാദത്തില്‍ തമിഴ് സാഹിത്യകാരന്‍ വൈരമുത്തുവിന് പിന്തുണയുമായി സാഹിത്യകാരന്‍ വി.ആര്‍. സുധീഷ്. `വൈരമുത്തുവിനോട് കാണിച്ചത് അതിനിന്ദ്യമായ മാടമ്പിത്തര'മെന്നാണ് സുധീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഈ വിഷയത്തില്‍ സുധീഷിനു പറയാനുള്ളതിങ്ങനെ: ` വൈരമുത്തുവിനെതിനായ മീ ടു കേസ്, 12 സ്ത്രീകള്‍ കൊടുത്ത കേസാണത്. തെളിയിക്കപ്പെട്ടിട്ടില്ല. അത്, കോടതിയും പൊലീസുമാണ് ചെയ്യേണ്ടത്. ഒന്നും ചെയ്തിട്ടില്ല. ആര്‍ക്കുവേണമെങ്കിലും ഇത്തരം ആരോപണം ഉന്നയിക്കാവുന്ന സാഹചര്യം നിലനില്‍ക്കുകയാണിപ്പോള്‍.

തമിഴ് ഭാഷയിലെ വലിയ കവിയും പാട്ടെഴുത്തുകാരനും നോവലിസ്റ്റുമാണ് വൈരമുത്തു. കേരളത്തിലെ ഒരു കവിയുടെ പേരിലുള്ള പുരസ്കാരം അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവില്ല. അദ്ദേഹത്തെ ക്ഷണിച്ച്, അപമാനിക്കുകയാണിപ്പോള്‍ ചെയ്തത്. ഇത്, വ്യക്തിഹത്യയാണ്. കേരളത്തില്‍ വലിയ എഴുത്തുകാരില്ലാഞ്ഞിട്ടല്ല, തമിഴ്നാട്ടിലേക്ക് പോയത്. ശ്രീകുമാരന്‍ തമ്പിയെന്ന നല്ല കവി ഇവിടെയുണ്ട്. അദ്ദേഹത്തിനിത്തരം പുരസ്കാരങ്ങളൊന്നും ലഭിച്ചതായി അറിവില്ല.


എഴുത്തുകാരനെ മാറ്റി നിര്‍ത്തി, എഴുത്തിനെ പഠിക്കാനാണ് പണ്ടെ പറയാറുള്ളത്. അതാണ്, പഠിച്ചതും പഠിപ്പിച്ചതും. ലോകത്തിലെ തന്നെ, 98 ശതമാനം എഴുത്തുകാര്‍ക്കും ഈ അളവുകോല്‍ വെച്ചാല്‍ പുരസ്കാരം നല്‍കാന്‍ കഴിയില്ല. എഴുത്തുകാര്‍ പൊതുവെ ദൗര്‍ബല്യമുള്ളവരാണ്. ഇതേ സദാചാര ബുദ്ധികൊണ്ടാണ് പുനത്തിലിനു എഴുത്തച്ഛന്‍ പുരസ്കാരം തടഞ്ഞത്. പുനത്തില്‍ കുഞ്ഞബ്ദുല്ലയ്ക്ക് എഴുത്തുച്ഛന്‍ പുരസ്കാരം കൊടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടായിരുന്നു. അത്, നഷ്ടപ്പെട്ടത്, പുനത്തില്‍ മദ്യപാനിയും സ്ത്രീജിതനുമാണെന്ന് പറഞ്ഞാണ്.അവസാനനിമിഷം ഒ.എന്‍.വി ഇടപെട്ടാണ്, തഴഞ്ഞതെന്ന് കോഴിക്കോട്ടെ വേദിയില്‍ നിന്നും പുനത്തില്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിരുന്നു. അതെ ഒ.എന്‍.വിയുടെ പേരിലുള്ള പുരസ്കാരമാണിപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതൊരു പുതിയ കീഴ്വഴക്കമാണ്. വരേണ്യവല്‍കരണമാണ്. ഈ സാഹചര്യത്തില്‍ സദാചാരവാദികള്‍ വിജയിക്കട്ടെയെന്ന് മാത്രമാണ് പറയാനുള്ളത്'.

Tags:    
News Summary - ONV Award Controversy: VR. Sudheesh supported to Vairamuthu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.