ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ; ക്ഷേമ പെൻഷനും ഉടൻ

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്കുള്ള ഓണ ഭക്ഷ്യ കിറ്റ് വിതരണം അടുത്താഴ്ച ആരംഭിക്കുന്നു. വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. സെപ്തംബർ ഏഴു വരെയാണ് കിറ്റുകളുടെ വിതരണം.

ആഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കുള്ള കിറ്റുകൾ നൽകും. ആഗസ്റ്റ് 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുടമകൾക്കും ആഗസ്റ്റ് 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുടമകൾക്കും സെപ്തംബർ 1, 2, 3 തീയതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും.

നിശ്ചയിച്ച തീയതികളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ കിറ്റ് വാങ്ങാം. ഇതിനാഇ സെപ്റ്റംബർ നാല് ഞായറാഴ്ച റേഷൻ കടകൾ പ്രവർത്തിക്കും.

87 ലക്ഷം കിറ്റുകൾ വിതരണം ചെയ്യുമെന്നാണ് കരുതുന്നത്. 57 ലക്ഷം കിറ്റുകൾ വിതരണത്തിനു തയാറായിട്ടുണ്ട്. ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിനു പ്രത്യേക സ്ക്വാഡുകളുമുണ്ട്. ശർക്കര വരട്ടിയുടെ ലഭ്യതക്കുറവ് കാരണം കുറച്ച് കിറ്റുകളിൽ ചിപ്സ് ഉൾപ്പെടുത്താൻ തീരുമാനിച്ചു.

അവരവരുടെ റേഷൻ കടകളിൽനിന്ന് തന്നെ കിറ്റ് വാങ്ങുക -മന്ത്രി

കാർഡുടമകൾ അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ കിറ്റ് കൈപ്പറ്റാൻ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകൾ കൈപ്പറ്റുന്ന കാര്യത്തിൽ ഒഴിവാക്കാൻ മന്ത്രി അഭ്യർഥിച്ചു.

കിറ്റിൽ ലഭിക്കുന്ന സാധനങ്ങൾ

കശുവണ്ടി പരിപ്പ് 50 ഗ്രാം, മിൽമ നെയ്യ് 50 മില്ലി, ശബരി മുളക് പൊടി 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, വെളിച്ചെണ്ണ 500 മില്ലി, തേയില 100 ഗ്രാം, ശർക്കര വരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര 1 കിലോ, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 കിലോ.

ക്ഷേമ പെൻഷനുകൾ 3200 രൂപവീതം അടുത്ത ആഴ്‌ച

ക്ഷേമ പെൻഷനുകൾ രണ്ടു മാസത്തേത് 3,200 രൂപവീതം അടുത്ത ആഴ്‌ച വിതരണം ആരംഭിക്കും. 57 ലക്ഷം പേർക്ക് പെൻഷൻ ലഭിക്കും. 2,100 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ ഓണക്കിറ്റ്‌ 22ന്‌ വിതരണം തുടങ്ങും.

ജീവനക്കാർക്ക് കഴിഞ്ഞ തവണത്തെ ബോണസും പ്രത്യേക അലവൻസും ഓണം അഡ്വാൻസും ഇത്തവണയും ലഭിക്കും. പൊതുമേഖല സ്ഥാപനങ്ങൾ മിനിമം‌ 8.33 ശതമാനം ബോണസ്‌‌ നൽകും.

ഓണച്ചന്ത 29 മുതൽ

കൺസ്യൂമർഫെഡിന്റെ‌ ഓണച്ചന്ത 29 മുതൽ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയിലും മറ്റിനങ്ങൾ‌ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. സപ്ലൈകോ ഓണച്ചന്തകൾ 27 മുതലാണ്‌. ജില്ല ചന്തകളും അന്നുതന്നെ തുറക്കും. ഹോർട്ടികോർപ്‌ പച്ചക്കറിമേളയും സംഘടിപ്പിക്കും.

Tags:    
News Summary - Onm food kit distribution from Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.