തിരുവനന്തപുരം: ലൈംഗികാരോപണ വിവാദങ്ങൾക്കിടെ നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കാണാനോ സംസാരിക്കാനോ തയാറാകാതെ കോൺഗ്രസ് എം.എൽ.എമാർ. മുസ്ലിം ലീഗ് എം.എൽ.എമാർ മാത്രമാണ് രാഹുലിനെ കണ്ട് സംസാരിച്ചത്. എ.കെ.എം അഷ്റഫും നജീബ് കാന്തപുരവും യു.എ ലത്തീഫും ടി.വി ഇബ്രാഹിമും രാഹുലിനോട് സൗഹൃദം പങ്കിട്ടു.
സഭയിലെത്തിയ രാഹുൽ ഇരുന്നത് പ്രതിപക്ഷ ബ്ലോക്കിന്റെ അവസാന നിരയിൽ. ലൈംഗികാരോപണത്തിന്റെ പേരിൽ കോൺഗ്രസ് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്ത രാഹുലിന് നിയമസഭയിൽ പ്രത്യേക േബ്ലാക്ക് അനുവദിക്കുമെന്ന് സ്പീക്കർ നേരത്തെ പറഞ്ഞിരുന്നു. നേരത്തെ പി.വി.അൻവർ ഇരുന്ന അതേ സീറ്റിലാണ് രാഹുലും ഇരുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ രാഹുൽ സഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രാഹുൽ ശനിയാഴ്ച പാലക്കാടെത്തുമെന്നാണ് ലഭിക്കുന്ന വിവരം. പൊതുപരിപാടികളിൽ പങ്കെടുത്തേക്കും. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് രാഹുൽ എത്തിയത്.
രാഹുലിന്റെ വരവ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇഷ്ടപ്പെട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സഭയിൽ വരുന്നതിനോടുള്ള അതൃപ്തി പ്രതിപക്ഷ നേതാവ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.
നിയമസഭ തുടങ്ങുന്നതിന് തൊട്ടുമുൻപ് വരെ രാഹുൽ സഭയിൽ എത്തുമോ എന്ന കാര്യത്തിൽ പാർട്ടി വൃത്തങ്ങൾക്ക് പോലും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. സഭ തുടങ്ങി 20 മിനിറ്റായപ്പോഴാണ് രാഹുൽ എത്തിയത്. യൂത്ത് കോൺഗ്രസിന്റെ ജില്ല അധ്യക്ഷൻ നേമം സജീറും കൂടെയുണ്ടായിരുന്നു.
പാർട്ടി സസ്പെൻഡ് ചെയ്തയാൾക്കൊപ്പം ജില്ല പ്രസിഡന്റ് വന്നതിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മറുപടി ഇങ്ങനെ:- 'പാർട്ടി സസ്പെൻഡ് ചെയ്തയാളുമായി സംസാരിക്കാൻ പാടില്ലെന്ന് പറയാൻ ഇത് മാർക്സിസ്റ്റ് പാർട്ടിയല്ല. എ.വി രാഘവനോട് മാർക്സിസ്റ്റ് പാർട്ടി ചെയ്തതല്ല ഒരു കോൺഗ്രസ് പ്രവർത്തകനോട് പാർട്ടി ചെയ്യുക' എന്ന മറുപടിയാണ് നൽകിയത്.
അതേസമയം, അതേസമയം, വി.ഡി സതീശന്‍റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്‍റെ സഭയിലെ സാന്നിധ്യം കെ.പി.സി.സി നേതൃയോഗം ചർച്ച ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. നിയസഭാ പിരിഞ്ഞാൽ ഇന്ന് കെ.പി. സി.സി ഭാരവാഹികളുടെയും ഡി. സി. സി അധ്യക്ഷമാരുടെയും യോഗം അൽപസമയത്തിനകം തിരുവനന്തപുരത്ത് നടക്കും. യോഗത്തിനെത്തിയപ്പോഴായിരുന്നു കൊടിക്കുന്നിലിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.