മലപ്പുറം: വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത മുഴുവൻ സ്വത്തുക്കളും കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം കേന്ദ്ര സർക്കാറിന്റെ ‘ഉമീദ്’ പോർട്ടലിൽ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ ആറിന് അവസാനിക്കാനിരിക്കെ സംസ്ഥാനത്തും ആശങ്ക. നിലവിൽ സംസ്ഥാന വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഭൂരിഭാഗം സ്വത്തുക്കളുടെയും രേഖകൾ വിവിധ കാരണങ്ങളാൽ കേന്ദ്ര പോർട്ടലിലേക്ക് സമർപ്പിക്കാനായിട്ടില്ല. രേഖകൾ സമർപ്പിക്കാൻ സാവകാശം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതോടെയാണ് വഖഫ് സ്വത്തുക്കളുടെ രേഖകൾ നൽകാനുള്ളവരുടെ ആശങ്ക വർധിച്ചിരിക്കുന്നത്. പോർട്ടലിലെ പോരായ്മകളും ഡേറ്റാബേസിൽ ഉൾപ്പെടുത്താനുള്ള റവന്യൂ രേഖകൾ ലഭ്യമല്ലാത്തതും രജിസ്ട്രേഷൻ സങ്കീർണമാക്കുകയാണ്. വഖഫ് ആധാരങ്ങൾക്കു പുറമെ വില്ലേജ് ഓഫിസുകളിൽനിന്ന് ലഭിക്കേണ്ട സ്ഥലത്തിന്റെ കൈവശ സർട്ടിഫിക്കറ്റ്, നികുതിയടച്ച രസീത് പോലുള്ള രേഖകളും പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
എന്നാൽ, പോർട്ടലിലെ അപര്യാപ്തതകൾക്കു പുറമെ സെർവർ തിരക്കിലായതിനാൽ പലർക്കും വിവരങ്ങൾ ചേർക്കാനായിട്ടില്ല. ഉദ്യോഗസ്ഥർക്ക് ലഭിച്ച സാങ്കേതികപരിശീലനത്തിലെ പോരായ്മകളും നിർദേശം ഗൗരവത്തിലെടുക്കാൻ ആദ്യഘട്ടത്തിൽ വിമുഖത കാണിച്ചതുമെല്ലാം ആശങ്കക്ക് കാരണമായി. അതിരാവിലെയോ അർധരാത്രിയോ മാത്രമാണ് മിക്ക ദിവസങ്ങളിലും രേഖകൾ പോർട്ടലിൽ സമർപ്പിക്കാൻ കഴിയുന്നതെന്ന പരാതിയുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന പ്രാഥമിക വിവരംപോലും ലഭിക്കാത്തവരും ഏറെയാണ്. കേരളത്തിൽ മാത്രം 1,20,000ത്തിലേറെ വഖഫ് സ്വത്തുക്കളുണ്ടെന്നാണ് വിവരം. എന്നാൽ, നാലിൽ ഒരുഭാഗം സ്വത്തുക്കൾ മാത്രമാണ് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം പുതിയ രജിസ്ട്രേഷൻ സ്വീകരിക്കാത്തതും തിരിച്ചടിയാണ്.
മലപ്പുറം: നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന പള്ളി സ്ഥലങ്ങളും മറ്റു സ്ഥാപനങ്ങളും രേഖകളുടെ അഭാവത്തിൽ നഷ്ടപ്പെടാനിടയാകുമെന്ന ആശങ്കയും ശക്തം. ഇത്തരം ഭൂമി എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. മിക്ക വഖഫ് സ്വത്തുക്കളും ജന്മം തീരാധാരം, പട്ടയം, ഭാഗപത്രം, ദാനം തീരാധാരം തുടങ്ങിയ വ്യത്യസ്തമായ റവന്യൂ രേഖകളായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത്തരം ഭൂമി കേന്ദ്ര വഖഫിന്റെ ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്താൻ സാധിക്കുന്നില്ലെന്ന പരാതിയുണ്ട്. വഖഫിൽ വിപുലമായ മാറ്റത്തിന് ഒരുങ്ങുമ്പോൾ കേന്ദ്ര സർക്കാർ പോർട്ടലിൽ വിവരങ്ങൾ കൈമാറാനുള്ള തീയതി നീട്ടണമെന്ന് അഖില കേരള വഖഫ് സംരക്ഷണ സമിതി ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.