എം.വി. ഗോവിന്ദൻ (ഫയൽ)

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രം മതിയെന്നത് നിലപാട്; ബാക്കിയുള്ളവ വർഗീയ ചുവയുള്ളതെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളൂവെന്നും അത് നേരത്തെ മുതലുള്ള തങ്ങളുടെ നിലപാടാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ബാക്കിയുള്ള വരികൾ വർഗീയ ചുവയുള്ളതാണെന്നും മതനിരപേക്ഷതക്ക് വേണ്ടിയാണ് തങ്ങൾ ഈ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മതനിരപേക്ഷതക്ക് വേണ്ടിയിട്ടാണ് അത്. ആ രീതി തന്നെ വേണം എന്ന് തന്നെയാണ് ഞങ്ങൾ ഇന്നലെവരെയും, ഇപ്പോഴും, ഈ നിമിഷം വരെയും ശക്തിയായിട്ട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഈ ആവശ്യം ചില മേഖലയിലൊക്കെ നടപ്പിലാക്കാൻ വേണ്ടി തയ്യാറാകുന്നു എന്നുള്ളത് സ്വാഭാവികമായിട്ടും സ്വാഗതം ചെയ്യപ്പെടേണ്ടുന്ന കാര്യം തന്നെയാണ്’-ഗോവിന്ദൻ പറഞ്ഞു.

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 80ാം വാർഷിക പരിപാടികൾ രാജ്യമെമ്പാടും ഇന്ന് നമ്മൾ ആചരിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായിട്ടുള്ള പോരാട്ടത്തിൽ അതിശക്തമായ ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ, ചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലമായ സ്വാതന്ത്ര്യ പോരാട്ടമായിട്ട് അതിനെ മാറ്റാൻ ഇന്ത്യൻ ജനതക്ക് സാധിച്ചു എന്ന അഭിമാനബോധത്തോടെയാണ് നമ്മൾ ഈ 80ാം വാർഷികം സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി വിവിധ കൈവഴികളിലൂടെയാണ് സ്വാതന്ത്ര്യസമര പോരാട്ടം മുന്നേറിയത്. മഹാത്മാഗാന്ധിയുടെയും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും തീവ്രവാദ നിലപാടുകൾ സ്വീകരിക്കുന്ന ഖദർ പ്രസ്ഥാനം ഉൾപ്പെടെയുള്ള ആവേശ ഉജ്ജ്വലങ്ങളായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നിരവധി കൈവഴികളിലൂടെയാണ്. ഉജ്ജ്വലമായ ഭഗത് സിങ് ഉൾപ്പെടെയുള്ളവരുടെ രക്തസാക്ഷിത്വത്തിലൂടെയാണ്.

കേരളത്തിലാണെങ്കിൽ കയ്യൂർ സഖാക്കൾ—നാല് ധീരരായ പോരാളികൾ, നമുക്കറിയാം അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുനായരും അബൂബക്കറും ഉൾപ്പെടെയുള്ള രണധീരരായ പോരാളികൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കഴുമരമേറിയവരാണ്. ഇങ്ങനെയുള്ള നിരവധി പോരാട്ടങ്ങളിലൂടെ, സമരങ്ങളിലൂടെ, രക്തസാക്ഷിത്വത്തിലൂടെ, സഹനത്തിലൂടെ നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നുള്ളത് ഇന്ത്യൻ ജനതയുടെ വർത്തമാന കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായിട്ട് വരികയാണ്.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ട് ഒരിക്കലും വരാതിരിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് മാപ്പെഴുതി കൽത്തുറങ്കിൽ നിന്ന് രക്ഷപ്പെട്ട്, സവർക്കർ ഉൾപ്പെടെയുള്ളവർ ബ്രിട്ടീഷുകാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള വഞ്ചനയും നമ്മൾ, രാജ്യം, ലോകം കണ്ടിട്ടുള്ളതാണ്. അവരാണ് യഥാർഥത്തിൽ ഇന്ത്യൻ ഭരണകൂടം കൈകാര്യം ചെയ്യുന്ന സംഘ്പരിവാർ വിഭാഗങ്ങളായിട്ട് ഇന്ന് നിലനിൽക്കുന്നത്.

സ്വാഭാവികമായിട്ടും അത്തരക്കാർ ഇന്ത്യയുടെ മൂല്യം, ജനാധിപത്യ അവബോധം, സ്വാതന്ത്ര്യം ഇതെല്ലാം ഹനിക്കുന്നതിന് വേണ്ടി, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട മതനിരപേക്ഷ ഉള്ളടക്കം ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി ഭരണകൂടം കച്ചകെട്ടി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്.

ഇന്ത്യയിൽ സ്വാതന്ത്ര്യ പ്രസ്ഥാനവുമായിട്ട് ബന്ധമില്ലാതെ, സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതിന് വേണ്ടി ബ്രിട്ടീഷുകാരുമായി ചേർന്നുപോയ വിഭാഗങ്ങൾ ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന സന്ദർഭത്തിൽ സ്വാഭാവികമായും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എല്ലാം എതിരായി ശക്തിയായ കടന്നാക്രമണമാണ് ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിനെയെല്ലാം ശക്തിയായിട്ട് എതിർത്തുകൊണ്ട് മാത്രമേ ജനാധിപത്യം നിലനിർത്താനും മുന്നോട്ടേക്ക് പോകാനും നമുക്ക് സാധിക്കുകയുള്ളൂ. ഫാസിസ്റ്റ് പ്രവണതയോടുകൂടി ഭരണകൂടം ജനങ്ങൾക്കെതിരായിട്ട് തിരിയുമ്പോൾ, രാജ്യം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ സംഘടിപ്പിച്ചുകൊണ്ടും ജനാധിപത്യ ശക്തികളാകെ ഒറ്റക്കെട്ടായി മുൻപോട്ടു വരാൻ, വർഗീയതക്കെതിരായ ഹിന്ദുത്വ അജണ്ട വെച്ച് കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഭരണവർഗ്ഗ നിലപാടുകൾക്കെതിരായിട്ട് മുന്നോട്ടേക്ക് പോകാൻ നമുക്ക് സാധിക്കേണ്ടതുണ്ട് എന്ന് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Only 2 stanzas of Vande Mataram should be sung: MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.