കൊച്ചി: അഞ്ചുലക്ഷം രൂപ അധിക ലൈസൻസ് ഫീസ് നൽകിയ ബാറുകൾക്ക് പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാൻ അനുമതി നൽകിയ നടപടി പിൻവലിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈകോടതിയിൽ. ഇക്കാര്യത്തിൽ നയപരമായ തീരുമാനവും ചട്ടഭേദഗതിയും വേണമെന്നും സർക്കാർ അറിയിച്ചു. കൊച്ചിയിൽ രാത്രി 11ന് ശേഷം ഡി.ജെ പാർട്ടികൾ നിരോധിച്ചതിനെതിരെ റാഡിസൺ ബ്ലൂ ഹോട്ടൽ ലൈസൻസി ഉദയംപേരൂർ സ്വദേശി മഹാദേവൻ സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ബാർ സമയം നീട്ടിയതുകൊണ്ടല്ലേ ഡി.ജെ പാർട്ടികളും നീളുന്നതെന്നും ആ തീരുമാനം പിൻവലിക്കുന്നതല്ലേ പരിഹാരമെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇത് പരിഗണനയിലാണെന്ന് സർക്കാർ അറിയിച്ചത്. വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഹരജി വിധി പറയാൻ മാറ്റി. ബാറുകൾ മാത്രമല്ല, തിയറ്ററുകളടക്കം പുലർച്ചെ വരെ സജീവമാണെന്നും അധികാര പരിധി മറികടന്നാണ് എസ്.എച്ച്.ഒയും മറ്റും നോട്ടീസ് നൽകുന്നതെന്നുമാണ് ഹരജിക്കാരുടെ ആരോപണം. ബാറുകളുടെ കച്ചവട ഇടപാടുകളെയല്ല, ഇതിന്റെ മറവിൽ പുറത്തുനിന്നെത്തുന്നവർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെയാണ് നിയന്ത്രിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. ഡി.ജെ പാർട്ടികൾ നിയന്ത്രിച്ചതോടെ കൊച്ചിയിലെ ലഹരിമരുന്നു കേസുകൾ കുറഞ്ഞിട്ടുണ്ട്.
പാർട്ടികൾ ബുക്ക് ചെയ്ത് പുറത്തുനിന്നെത്തുന്നവരാണ് പ്രധാനമായും ലഹരി ഇടപാടുകൾ നടത്തുന്നത്. അർധരാത്രിക്കുശേഷമുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്നുള്ളതാണ് പല കേസുകളുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, ബാറുകൾ തുറന്നുവെക്കുന്നതല്ലേ പ്രധാന കാരണമെന്നും ചെറുമീനുകൾ കുടുങ്ങുന്നതല്ലാതെ ഉറവിടം കണ്ടെത്താത്തതെന്തെന്നും കോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.