തിരുവനന്തപുരം: ഓണം അവധിക്കുശേഷം ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ എയർലൈനുകൾ വൻതോതിൽ വർധിപ്പിച്ചു. ഗൾഫിലെ സ്കൂളുകൾ വേനലവധിക്കുശേഷം തുറക്കുന്നതും ഈ സമയത്താണ് എന്നത് യാത്രാതിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് യാത്രക്കാരെ കൊള്ളയടിക്കാൻ ലക്ഷ്യമിടുകയാണ് വിമാനകമ്പനികൾ.
ഓണം അവധിക്കുശേഷം പ്രത്യേകിച്ച് ഓഗസ്റ്റ് അവസാനവാരത്തിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകളുടെ നിരക്ക് സാധാരണ നിരക്കിന്റെ 10 മുതൽ 15 ഇരട്ടിവരെയാണ് ഉയർന്നത്. ഇതോടെ ഓഗസ്റ്റ് 30-ന് കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള ഒരു സാധാരണ ടിക്കറ്റിന് 80,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് നൽകേണ്ടി വരുന്നത്. നിലവിലെ യുദ്ധ സാഹചര്യത്തിൽ ഇപ്പോൾ തന്നെ വിമാന ടിക്കറ്റഅ നിരക്കുകൾ കൂടുതലാണ്.
സാധാരണ 6000 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമായിരുന്നു. എന്നാൽ യുദ്ധം ആരംഭിച്ചതോടെ ഇത് അഞ്ചിരട്ടിവരെ ഉയർന്നു. ഇതിനു പുറമെയാണ് ഓണം പ്രമാണിച്ചുള്ള വർധന. എന്നാൽ, ചെന്നൈ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളിൽ വർധന ഉണ്ടായിട്ടില്ല.
ഓണാവധിയും സ്കൂൾ അവധിയും ഒരുമിച്ച് വരുന്നതിനാൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർ കൂടുമെന്ന് മുന്നിൽ കണ്ടാണ് വിമാനക്കമ്പനികളുടെ ഈ നീക്കം. അതേസമയം ഗൾഫിൽ നിന്ന് കേരളത്തിലേക്ക് വരാൻ ഇത്ര ചെലവില്ല. 12000 രൂപ മുതൽ 22000 രൂപവരെയാണ് ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്.
ഉത്സവ സീസണിന്റെ തിരക്ക് മുതലെടുത്ത് വൻ ലാഭം കൊയ്യാനാണ് എയർലൈനുകളുടെ രഹസ്യ നീക്കമെന്ന് കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് പ്രസിഡന്റ് കെ.വി. മുരളീധരൻ ആരോപിച്ചു. കേരളത്തിൽ നിന്നുള്ള നിരക്കുകൾ അത്രയധികം ഉയർന്നുനിൽക്കുമ്പോൾ, ബെംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള പശ്ചിമേഷ്യൻ റൂട്ടുകളിലെ നിരക്ക് കേരളത്തേക്കാൾ 40 ശതമാനത്തോളം കുറവാണ്. യാത്രക്കാരെ കൊള്ളയടിക്കുന്ന എയർലൈനുകളുടെ നടപടി തടയാൻ സംസ്ഥാന സർക്കാരും എം.പിമാരും കേന്ദ്രമേലിൽ സമ്മർദ്ദം ചെലുത്തണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി വിക്ടർ ഫെർണാണ്ടസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.