തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തീർഥാടകർ ഇത്തവണ എത്താൻ സാധ്യതയുള്ളതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഓണത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പമ്പയിലെത്തി പ്രത്യേക അവലോകന യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു. അപ്പം, അരവണ എന്നിവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കും. ശബരിമലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധന നടത്താനും യോഗം തീരുമാനിച്ചു.
ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കും. കെ.എസ്.ആർ.ടി.സി കൂടുതൽ ബസ് സർവീസുകൾ ഒരുക്കും. പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും.
തീർഥാടന ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പൊലീസുകാർക്ക് ആവശ്യമായ പെരുമാറ്റ പരിശീലനം ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ ക്രൗഡ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കും. എ.ഐ സാങ്കേതികവിദ്യയും ക്യാമറകളും ഉപയോഗിച്ച് തിരക്ക് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പൊലീസുമായി സഹകരിച്ച് പൈലറ്റ് അടിസ്ഥാനത്തിൽ മേജർ കൺട്രോൾ റൂം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ പഴകുളം മധു, കെ.യു ജെനിഷ് കുമാർ, സി.വി ശാന്തകുമാർ, ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വിവിധ വകുപ്പ് മേധാവികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ശബരിമലയിൽ നാളെ നട തുറക്കും
പത്തനംതിട്ട: ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട ഞായറാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.