കോവിഡ് കാലത്ത് ഓൺലൈൻ വാഹന തട്ടിപ്പും

കൊല്ലം: കോവിഡ് സാഹചര്യം മുതലാക്കി സംസ്ഥാനത്ത് ഓൺലൈൻ പണമിടപാട് തട്ടിപ്പിന്​ പുറമേ ഓൺലൈൻ വാഹന തട്ടിപ്പും വ്യാപകമായതോടെ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എല്ലാം ഓൺലൈൻ വഴിയായതോടെ നിരവധി തട്ടിപ്പുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്.

ഓൺലൈൻ വ്യാപാര സൈറ്റുകളുമായി ബന്ധപ്പെട്ടാണ് വാഹന തട്ടിപ്പ് നടക്കുന്നത്. ദിനംപ്രതി ഇത്തരം കേസുകൾ വർധിക്കുന്നതിനാലാണ് ജനങ്ങൾക്ക് മുന്നറിയിപ്പ്​ നൽകാൻ വാഹന വകുപ്പ് തീരുമാനിച്ചത്. സൈറ്റുകളിൽ വൻ ഡിസ്കൗണ്ടിൽ വാഹനങ്ങൾ ലഭിക്കുമെന്ന് കാണുന്നതോടെ ഉപഭോക്താക്കൾ കൂടുതൽ വിവരങ്ങൾ അന്വേഷിക്കാതെ തട്ടിപ്പിനിരയാകുന്നതായാണ് റിപ്പോർട്ടുകൾ. ‘സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ധനനഷ്​ടമുണ്ടാവില്ല’ തലക്കെട്ടോടെയാണ് മോട്ടോർ വാഹനവകുപ്പ് പുത്തൻ തട്ടിപ്പ് രീതികൾ ഫേസ്ബുക്കിൽ പോസ്​റ്റ്​ ചെയ്തത്.

ഇരുചക്രവാഹനങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരാണ് കൂടുതലും തട്ടിപ്പിന് ഇരയാകുന്നത്. സാധാരണ വാഹനത്തിന് ലഭിക്കുന്ന റീ സെയിൽ വിലയേക്കാൾ കുറവാണെന്നതാണ്​ കൂടുതൽപേരേ ആകർഷിക്കാൻ കാരണം. പരസ്യത്തിലെ ഫോൺ നമ്പറിലേക്ക് വിളിച്ചാൽ വിളിച്ചയാളുടെ വാട്സ്ആപ് നമ്പർ വാങ്ങുകയും അതിലേക്ക് വാഹനങ്ങളുടെ ചിത്രങ്ങൾ തട്ടിപ്പുസംഘം അയച്ചുതരുകയും ചെയ്യും. ഈ സംഘത്തെ തിരിച്ചുവിളിച്ചാൽ മുതിർന്ന ഉദ്യോഗസ്ഥനാണെന്നും ട്രാൻസ്ഫർ ലഭിച്ചതിനാലാണ് വാഹനം വിൽക്കുന്നതെന്നും മറുപടി നൽകും.

വാഹനം നേരിട്ട്​ കാണണമെന്ന് പറഞ്ഞാൽ കോവിഡ് മൂലം ആരെയും ഓഫിസിലേക്ക് കയറ്റില്ലെന്നും സംഘം പറയും. കച്ചവടം ഉറപ്പിച്ച് കഴിഞ്ഞാൽ വാഹനം പാഴ്സൽ ചെയ്താൽ മതിയെന്നും വാഹനം കയറ്റിയശേഷം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ മതിയെന്നും പറഞ്ഞ് ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്യും. 

തുടർന്ന് പാഴ്സൽ ചാർജായി 3000 രൂപ അക്കൗണ്ടിലേക്ക് നൽകുവാൻ ആവശ്യപ്പെടും. പണം നൽകിയാൽ പിന്നീട് സംഘത്തെ മൊബൈലിൽ ബന്ധപ്പെടാൻ സാധിക്കില്ല. ഇത്തരത്തിലുള്ള പല തട്ടിപ്പുകളും ഇത്തരം സംഘങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഓൺലൈൻ തട്ടിപ്പിൽ വഞ്ചിതരാവരുതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ്​ നൽകുന്നു.

Tags:    
News Summary - online vehicle selling fraud -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.