മൂന്നാർ: വിദേശ വിനോദ സഞ്ചാരികളുമായി എത്തിയ ഓൺലൈൻ ടാക്സി മൂന്നാറിൽ വീണ്ടും തടഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പഴയ മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇസ്രായേൽ സ്വദേശികളായ സ്ത്രീകളെയാണ് ഒരുസംഘം ടാക്സി ഡ്രൈവർമാർ തടഞ്ഞത്.
രണ്ടുദിവസം മുമ്പ് മൂന്നാറിലെത്തിയ സഞ്ചാരികൾ പ്രദേശത്തെ ടാക്സിയിലാണ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്. എന്നാൽ, കൊച്ചിയിലേക്ക് മടങ്ങുന്നതിനായി ഓൺലൈൻ ടാക്സി ബുക്ക് ചെയ്തിരുന്നു. ഇവർ മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ടാക്സി ഡ്രൈവർമാർ തടഞ്ഞത്. മൂന്നാറിൽ ഓൺലൈൻ ടാക്സി അനുവദിക്കില്ലെന്ന് ഡ്രൈവർമാർ പറഞ്ഞതോടെ സഞ്ചാരികൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സഞ്ചാരികളെ ഓൺലൈൻ ടാക്സിയിൽതന്നെ മടങ്ങാൻ അനുവദിക്കുകയായിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല.
ഒക്ടോബർ 30ന് മൂന്നാറിൽനിന്ന് ഓൺലൈൻ ടാക്സിയിൽ മടങ്ങാൻ ശ്രമിച്ച മുംബൈ സ്വദേശിനി ജാൻവിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഇതേതുടർന്ന് മൂന്ന് ഡ്രൈവർമാരെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
നിയമം ലംഘിച്ച മൂന്നാറിലെ ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. നിയമലംഘകർക്കെതിരെ കർശന നടപടികളടക്കം തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും സമാന സംഭവം ആവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.