കൊച്ചി: കോഴിക്കോട് നഗരത്തിലെ ഓൺലൈൻ ടാക്സികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവ്. വിവിധ ആവശ്യങ്ങളുന്നയിച്ച് ഡ്രൈവർമാർ ജില്ല കലക്ടർക്ക് സമർപ്പിച്ച നിവേദനത്തിൽ രണ്ടുമാസത്തിനകം തീരുമാനമെടുക്കാനും ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
സി.ഐ.ടി.യു നേതൃത്വത്തിലുള്ള സംഘം തങ്ങളുടെ തൊഴിൽ അവകാശം തടസ്സപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഓൺലൈൻ ടാക്സി ഡ്രൈവർമാർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് നേരെ നിരന്തരം ആക്രമണമുണ്ടാകുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഓൺലൈൻ ടാക്സി ൈഡ്രവർമാരെ ആക്രമിച്ചതിന് സി.ഐ.ടി.യു യൂനിയനിൽപ്പെട്ട ഡ്രൈവർമാർക്കെതിരെ 10 കേസുകൾ രജിസ്റ്റർ ചെയ്തതായി സിറ്റി പൊലീസ് കമീഷണർ കോടതിയെ അറിയിച്ചു.
കസബ, ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡ്രൈവർമാർക്കെതിരെ കരുതൽ നടപടി സ്വീകരിക്കുന്നതിന് ആർ.ഡി.ഒക്ക് റിപ്പോർട്ട് സമർപ്പിച്ചതായും കമീഷണർ അറിയിച്ചു. തുടർന്നാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ആവശ്യമായ സംരക്ഷണം നൽകാൻ അധികൃതരോട് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.