തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഐ.എഫ്.എഫ്.കെ ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഐ.എഫ്.എഫ്.കെ സ്ക്രീനിങ്ങിനിടെ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്ന് ചലച്ചിത്രപ്രവർത്തക പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് നേരിട്ടാണ് ചലച്ചിത്രപ്രവർത്തക പരാതി നൽകിയത്. ഐ.എഫ്.എഫ്.കെയുടെ ജൂറി അംഗമാണ് ചലച്ചിത്രപ്രവർത്തക.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി ഡി.ജി.പിക്ക് കൈമാറി. കന്റോൺമെന്റ് പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ചലച്ചിത്രപ്രവർത്തയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ഒരു ചർച്ചക്കായി മുറിയിലേക്കു വരാൻ സംവിധായകൻ ചലച്ചിത്രപ്രവർത്തകയോട് ആവശ്യപ്പെടുകയും മുറിയിലേക്ക് കയറിയ ഉടനെ ഇവരെ കടന്നുപിടിക്കുകയുമായിരുന്നുവെന്നുമാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും പി.ടി കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. മാപ്പ് പറയാൻ തയാറാണ്. കേസ് നിയമപരമായി നേരിടുമെന്നും പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.
ഡിസംബര്‍ 12 മുതൽ 19 വരെയാണ് തിരുവനന്തപുരത്ത് ചലച്ചിത്രമേള നടക്കുന്നത്. ഇതിന്‍റെ ഭാഗയമായുള്ള സ്ക്രീനിങ്ങിനിടെയാണ് സംഭവമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.