ഉമ തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വന്നിരിക്കുകയാണ്. നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് പലരും മുന്നോട്ട് വരുന്നുണ്ട്. സംഭവം ഉണ്ടായ ദിവസം മുതൽ അതിജീവിതയോടൊപ്പം നിന്ന വ്യക്തിയാണ് കോൺഗ്രസ് നേതാവായിരുന്ന പി.ടി. തോമസ്. തൃക്കാക്കര എം.എൽ.എയും പി.ടി. തോമസിന്‍റെ ജീവിത പങ്കാളിയുമായുമായ ഉമ തോമസ് വിധിയിൽ പ്രതികരിച്ചിരിക്കുകയാണ്. പി.ടിയുടെ ആത്മാവ് ഈ വിധിയിൽ ഒരിക്കലും തൃപ്‌തമാകില്ലെന്നാണ് ഉമ എഴുതിയത്.
ഉമ തോമസിന്‍റെ പോസ്റ്റ്
തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി ടി ഇറങ്ങിപ്പോയത്. തയാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്.
പി ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു.
ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം
കേസിൽ നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളായിരുന്നു. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. മറ്റുള്ളവരെ കോടതി വെറുതെ വിട്ടു. എൻ.എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിൽ വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.