ഓൺലൈൻ വായ്പ വേണ്ടെന്നറിയിച്ചതോടെ ഭീഷണി; വ്യാജ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു

തിരുവല്ല: വീണ്ടും ഓൺലൈൻ വായ്പാക്കെണി. ലോൺ നിരസിച്ചതിനെ തുടർന്ന് യുവാവിന്‍റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓൺലൈൻ മാഫിയ സംഘം. തന്‍റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകിയതോടെ യുവാവ് പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചു. തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനിൽ കുമാർ എന്നയാളാണ് ഓൺലൈൻ വായ്പ കെണിയിൽ കുടുങ്ങിയത്.

തിരുവല്ലയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന അനിൽ കുമാർ ആഗസ്റ്റ് 31നാണ് ഫേസ്ബുക്കിൽ നിന്നും 'ഹീറോ റുപ്പി' എന്ന ഓൺലൈൻ വായ്പ ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇതിന് പിന്നാലെ ഇയാൾക്ക് ഏഴ് ദിവസത്തേക്ക് 9060 രൂപയുടെ വായ്പാ ഓഫർ മെസ്സേജ് ആപ്പിൽ ലഭിച്ചു. വായ്പാ ഓഫർ സ്വീകരിച്ചതിന് പിന്നാലെ അക്കൗണ്ടിൽ 4500ഓളം രൂപയാണ് എത്തിയത്. ബാക്കി തുക പലിശയായും മറ്റ് ചാർജുകളായും പിടിച്ചു. അഞ്ചാംദിനം തന്നെ അനിൽകുമാർ 9060 രൂപയും തിരികെ അടച്ചു.

പിന്നാലെ 15,000 രൂപയുടെ അടുത്ത ലോൺ വാഗ്ദാനം എത്തി. ഇത് സ്വീകരിച്ച അനിലിന്‍റെ അക്കൗണ്ടിലേക്ക് 9000 രൂപയോളം എത്തി. ഇത് അടച്ചതിന് പിന്നാലെ 40,000 രൂപയുടെ ഓഫറും എത്തി. അങ്ങനെ ലഭിച്ച തുകയും അനിൽ കൃത്യ സമയത്ത് തന്നെ തിരിച്ചടച്ചു.

ഈ മാസം 24ന് 1,00,000 രൂപയുടെ വായ്പാ ഓഫർ എത്തി. എന്നാൽ, ലോണിലെ കെണി മനസ്സിലാക്കിയ അനിൽകുമാർ വായ്പ വേണ്ടെന്നറിയിച്ച് മെസ്സേജ് അയച്ചു. ലോൺ ആപ്പും ഫോണിൽ നിന്ന് ഒഴിവാക്കി. ഇതിന് പിന്നാലെ രാത്രി 12 മണിയോടെ വാട്സാപ്പിൽ ഓൺലൈൻ വായ്പാ മാഫിയയുടെ വിളി എത്തി. വായ്പാത്തുക പൂർണ്ണമായും തിരിച്ചടച്ചിട്ടില്ലെന്നും അതിനാൽ ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യണമെന്നുമായിരുന്നു സംഘത്തിന്‍റെ ആവശ്യം. ഇതിൽ പ്രകാരം ആപ്പ് ഡൗൺലോഡ് ചെയ്ത് മിനിറ്റുകൾക്കകം അക്കൗണ്ടിലേക്ക് 40,000 രൂപ എത്തി. തനിക്ക് വിളിയെത്തിയ വാട്സ്ആപ്പ് നമ്പറിലേക്ക് ലോൺ ആവശ്യമില്ല എന്നും തുക തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് അനിൽകുമാർ മെസ്സേജ് അയച്ചു. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണിലേക്ക് അനിലിന്‍റെ നഗ്നചിത്രങ്ങൾ അടക്കം അയച്ചുനൽകിയത്. തുടർന്ന് അനിൽകുമാർ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ പത്തനംതിട്ട സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. 

Tags:    
News Summary - Online loan scam youth threatened after loan refusal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.