തിരുവനന്തപുരം: മദ്യത്തിന് ഓൺലൈൻ ഡെലിവറി അനുവദിക്കണമെന്ന ബെവ്കോ ശിപാർശ അംഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തിൽ ധാരണയായി. തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. വീട്ടിലേക്ക് മദ്യം എത്തുന്നതിൽ ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കാനുള്ള പദ്ധതിയുമായി കഴിഞ്ഞ ദിവസമാണ് ബെവ്കോ മുന്നോട്ട് വന്നത്. ഇതുസംബന്ധിച്ച വിശദമായ ശിപാര്‍ശ ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവിൽപന ശിപാർശ ചെയ്തത്. ഓണ്‍ലൈൻ മദ്യവിൽപനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താൽപര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്കോ എം.ഡി വ്യക്തമാക്കിയിരുന്നത്. മൂന്നുവര്‍ഷം മുമ്പും സര്‍ക്കാരിനോട് ഓണ്‍ലൈൻ മദ്യവിൽപനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നില്ല.
23വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനിൽ മദ്യം വാങ്ങാൻ കഴിയുക എന്നാണ് ശുപാര്‍ശയിൽ പറഞ്ഞിരുന്നത്. മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണം. മദ്യവിൽപ്പന വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കിയത്. വിദേശ നിര്‍മിത ബിയര്‍ വിൽപനയും അനുവദിക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിരുന്നു.
ഓൺലൈൻ ഡെലിവറിയെന്ന ആശയത്തോട് ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചെന്നാണ് വിവരം. വീടുകളിലേക്ക് നേരിട്ട് മദ്യമെത്തിയാൽ ബാറുകളിലേക്ക് ആളുവരുന്നത് കുറയുമെന്നും ഇത് നഷ്ടത്തിനിടയാക്കുമെന്നുമാണ് ബാർ ഉടമകളുടെ വാദം. അനധികൃത മദ്യവിൽപനയിലേക്ക് കടക്കുന്ന രീതിയിലേക്ക് മാറാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.